കോട്ടയം : ക്രിസ്മസ് വിപണി ലക്ഷ്യംവച്ച് ചാരായം വാറ്റാനൊരുങ്ങിയ അയ്മനം വല്യാട് കരയിൽ നെടുമ്പറമ്പിൽ വീട്ടിൽ ബിജു (47) നെ എക്സൈസ് സംഘം പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് 120 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഒരുമാസത്തിനിടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ചാരായ വേട്ടയാണിത്. നേരത്തെ കുമരകം ആർ- ബ്ലോക്കിൽ നിന്ന് 105 ലിറ്റർ ചാരായം പിടിച്ചെടുത്തിരുന്നു. ബിജുവിന്റെ പക്കൽനിന്ന് സ്ഥിരമായി ചാരായം വാങ്ങിയിരുന്ന ആളെ പിടികൂടിയപ്പോഴാണ് വാറ്റുകേന്ദ്രത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പ്രവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, ഗിരീഷ് കുമാർ, കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവിന്റീവ് ഓഫീസർ കൃഷ്ണകുമാർ, ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, അനു വിജയൻ, ഡ്രൈവർ അനസ് മോൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.