വാകത്താനം: സി.പി.എം. പ്രാദേശിക നേതാവിനെ ആക്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി ഡിവൈ.എസ്.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിന്തുടർന്ന് പിടികൂടി. വാകത്താനം പുത്തൻചന്ത പൂവത്തുംമൂട്ടിൽ സബിൻ സന്തോഷ് (22), ചക്കുപറമ്പിൽ അൻവിൻ മാത്യു (22), ഞാലിയാംകുഴി പൂച്ചക്കേരി വീട്ടിൽ ഡെൻസൺ ജോസഫ് (20) എന്നിവരെയാണ് അറസ്റ്റുചെയ്തതത്. അഭിഭാഷകനും സി.പി.എം. വാകത്താനം ലോക്കൽ കമ്മിറ്റി അംഗവുമായ അനിൽ കെ. ജോണിയെയാണ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ വീടിന് സമീപം ബൈക്കിൽ എത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി മുറിവേറ്റ അനിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത. ഡിവൈ.എസ്.പിയെ കൂടാതെ വാകത്താനം പൊലീസ് ഇൻസ്പെക്ടർ എ.സി. തോംസൺ, സബ് ഇൻസ്പെക്ടർ പി.സി ചന്ദ്രബാബു, എ.എസ്.ഐ മാരായ കോളിൻസ്, മാത്യു, സി.പി.ഒ മാരായ വിനോദ് എബ്രഹാം, ബ്ലസൻ, ശ്രീകുമാർ, ബിജു എബ്രഹാം, ശ്രീവിദ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.