കുമരകം: ഗ്രാമപ്പഞ്ചായത്ത് അനധികൃത വഴിയോരക്കച്ചവടക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകത്ത് പ്രതിഷേധിച്ചു. പ്രകടനമായെത്തിയ വ്യാപാരികൾ കടകളുടെ ലൈസൻസ് തിരികെ സമർപ്പിച്ചു. 150ൽപരം വ്യാപാരികളാണ് സമരത്തിൽ പങ്കെടുത്തത്. വായ്മൂടിക്കെട്ടി വ്യാപാരഭവനിൽ നിന്നു ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധയോഗവും ലൈസൻസ് തിരികെ സമർപ്പണവും നടത്തി. ലൈസൻസുകൾ കൈപ്പറ്റാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് സെക്രട്ടറി ഇൻ ചാർജിന്റെ മേശപ്പുറത്ത് വച്ചശേഷം വ്യാപാരികൾ മടങ്ങിപ്പോയി. ഏകോപന സമതി താലൂക്ക് ട്രഷറർ എബി സി.കുര്യൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സി.ജെ. സാബു അദ്ധ്യക്ഷത വഹിച്ചു. എസ്. രഞ്ജിത്ത്, ജേയ്ക്കബ് പുളിമൂട്, കെ.പി. അലക്സാണ്ടർ, ജോസ് ജോസഫ്, പി.കെ. തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.