കോട്ടയം: കാര്യങ്ങൾ എളുപ്പമാകാൻ നടപ്പിലാക്കിയ കമ്പ്യൂട്ടവത്ക്കരണം കാര്യങ്ങളെ തകിടം മറിച്ചതിന്റെ ഉദാഹരണമാണ് മീനടം വില്ലേജ് ഓഫീസ്. കരം അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനുമെല്ലാം വലിയ കാലതാമസമാണ് നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കമ്പ്യൂട്ടർവത്ക്കരണത്തോടെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ, കാർഷിക വായ്‌പകൾ എടുക്കാനോ സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാനോ ഇതുകാരണം സാധിക്കുന്നില്ല. സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഓഫീസിലെത്തുന്ന നാട്ടുകാരോട് ഉദ്യോഗസ്ഥർ മോശമായാണ് പൊരുമാറുന്നുവെന്നും പരാതിയുണ്ട്. വിധവകൾ, പട്ടികജാതിക്കാർ എന്നിവർക്ക് നൽകേണ്ട സർട്ടിഫിക്കറ്റുകൾ പോലും വച്ചു താമസിപ്പിക്കുകയാണെന്ന പരാതിയും ശക്തമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടുപോലും കടുത്ത മനോഭാവത്തിലാണ് ഓഫീസർ പെരുമാറുന്നത്. ഓഫീസറെ തത് സ്ഥാനത്തുനിന്ന് മാറ്റി മീനടം നിവാസികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മീനടം ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.