laikad

ചങ്ങനാശേരി: എം.സി റോഡിൽ ളായിക്കാട് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായി. ഇതോടെ സന്ധ്യമയങ്ങിയാൽ ഇവിടെ കുറ്റാകൂരിരുട്ടാണ്. വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. മൂന്ന് വർഷം മുമ്പാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇത് ആറു മാസത്തിലേറെയായി പ്രവർത്തനരഹിതമാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി വാഹന അപകടങ്ങളാണ് ഇവിടെ നടന്നത്. അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ രാത്രിയിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് കാൽനടയാത്രക്കാർക്ക് ആശ്രയം. ളായിക്കാട് പള്ളിയുടെ മുൻവശത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സോളാർ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും പ്രവർത്തനരഹിതമാണ്. ളായിക്കാട്, പെരുന്ന മന്നം ജംഗ്ഷൻ, തെങ്ങണ, പെരുന്ന സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലെയും ഹൈമാസറ്റ് ലൈറ്റുകളും, വഴിവിളക്കുകളും തെളിയാറില്ല. ഇതോടെ ഇടറോഡുകൾ പലതും ഇരുട്ടിലാണ്.