ചങ്ങനാശേരി: മാലിന്യത്തിൽ നിന്ന് കരകയറാതെ ചങ്ങനാശേരി റവന്യൂ ടവർ. ആറു നിലകളിൽ പ്രവർത്തിക്കുന്ന ടവറും പരിസരവും വൃത്തിഹീനമായിട്ട് മാസങ്ങളാകുന്നു. വെള്ളമില്ലാത്തത് കാരണം ടവറിലെ ശൗചലയങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ്. ഇതിനെതുടർന്ന് ശൗചാലയങ്ങൾ പലതും പൂട്ടിയിട്ടിരിക്കുകയാണ്. മൂക്കുപൊത്താതെ ടവറിൽ കയറാൻ കഴിയാത്ത അവസ്ഥ. 30 ഓളം സർക്കാർ ഓഫീസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും റവന്യു ടവറിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു ലിഫ്റ്റുകൾ ഉണ്ടെങ്കിലും ഒരെണ്ണം പോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അടുത്തിടെ ഒരു കുട്ടി ഉൾപ്പെടെ ആറുപേർ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചാലെ ഇത് നന്നാക്കാൻ കഴിയൂ. എന്നാൽ നടപടി നീളുകയാണ്. സർക്കാർ ഓഫീസുകളിലെത്തുന്ന വയോധികരും അംഗവൈകല്യമുള്ളവരും പടികൾ കയറി ഇറങ്ങേണ്ട ഗതികേടിലാണ്.പകൽ പോലും അപകടഭീതിയില്ലാതെ നടക്കാൻ കഴിയാത്ത വിധമാണ് ടവർ പരിസരം. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഓടയുടെ മൂടി മാറി കിടക്കുന്നത് അപകട സാധ്യത ഉയർത്തുന്നു. ഈ കുഴിയുടെ പരിസരം കാട് മൂടി കിടക്കുന്നതിനാൽ പെട്ടന്ന് ശ്രദ്ധയിൽപ്പെടാത്തത് അപകട ഭീഷണി വർധിപ്പിക്കുന്നു. വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്ന സമയം ശ്രദ്ധിച്ചില്ലെങ്കിൽ ഓടയിലേക്ക് വീഴുമെന്നും ഇവിടെ എത്തുന്നവർ പറയുന്നു. ടവറിലെ മാലിന്യങ്ങളും പിൻവശത്തു കൂട്ടിയിട്ടിരിക്കുകയാണ്. ഇതുകാരണം തെരുവു നായ്ക്കക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. രാത്രിയിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. ടവറിന്റെ മേൽക്കൂര ചോർന്ന് അകത്തളത്തിൽ മഴക്കാലത്ത് വെള്ളക്കെട്ടു ഉണ്ടാകുന്നുണ്ട്. വെള്ളക്കെട്ടിനെ തുടർന്നുണ്ടായ പായലിൽ തെന്നിവീഴുന്നതും ഇവിടെ നിത്യ സംഭവമാണ്.
നാഥനില്ലാകളരി
ടവറിന്റെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ മേൽനോട്ടങ്ങളും വഹിക്കേണ്ട ഹൗസിംഗ് ബോർഡിന്റെ ഓഫീസ് ചങ്ങാശേരിയിൽ നിന്ന് കോട്ടയത്തേക്കു മാറ്റിയതോടെയാണ് ടവർ നാഥനില്ലാകളരിയായി മാറിയത്. മാനേജ്‌മെന്റ് കമ്മറ്റിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ടവറിന്റെ ഓരോ നിലയിലും പടികളുടെ താഴെ വീൽചെയർ ഉൾപ്പെടെയുള്ളവ തുരുമ്പു പിടിച്ച നിലയിൽ കൂട്ടിയിട്ടിരിക്കുകയാണ്.