ചങ്ങനാശേരി: മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നഗരമദ്ധ്യത്തിലെ കുരിശുംമൂട് ജംഗ്ഷനിൽ കുമിഞ്ഞുകൂടിയ മാലിന്യം നഗരസഭയിലെ ശുചീകരണവിഭാഗം നീക്കം ചെയ്തിട്ട് ഒരാഴ്ച പിന്നിടും മുമ്പേ കാര്യങ്ങൾ വീണ്ടും പഴയതുപോലെയായി. നേരത്തെ എങ്ങനെയായിരുന്നോ, അതിലും കഷ്ടമായാണ് കുരിശുംമൂട് ജംഗ്ഷനിൽ ചാക്ക് കണക്കിനു മാലിന്യക്കെട്ടുകൾ ചിതറിക്കിടക്കുന്നത്. ദിവസവും വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. വ്യാപാര സ്ഥാപനങ്ങളിലെയും ഭക്ഷണ ശാലകളിലെയും മാലിന്യമാണ് ഇവിടെ കൊണ്ടു തള്ളുന്നത്. ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത് വഴിയാത്രക്കാരും. മഴ പെയ്തും പൈപ്പ് പൊട്ടിയും മറ്റും വെള്ളമൊഴുകുമ്പോൾ ഈ മാലിന്യം അതിൽ കിടന്ന് അഴുകുന്നതും അതോടൊപ്പം മലിനജലം റോഡിലൂടെ ഒഴുകുന്നതും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മലിനജലത്തിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് കാൽനടക്കാർ. യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവമാണ് ഇത്തരമൊരു ഗതികേടിലേക്ക് തങ്ങളെ തള്ളിവിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പം മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമീപത്തുള്ള ട്രാൻസ്‌ഫോമറിനോട് ചേർന്നാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. രാത്രിയിലാണ് ഇത് ഏറെയും നടക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്നതിനാൽ ഇതുവഴി കാൽനടയാത്ര പോലും അസാദ്ധ്യമായി മാറുകയാണ്. മാലിന്യക്കൂമ്പാരത്തിൽ ചവിട്ടാതെ റോഡിന്റെ മദ്ധ്യഭാഗത്തുകൂടെ നടക്കാൻ സ്വയംനിർബന്ധിതരാവുകയാണ് കാൽനടക്കാർ. ഇതാകട്ടെ, വൻ അപകടസാദ്ധ്യതയും ക്ഷണിച്ചുവരുത്തുന്നു. മാലിന്യം മൂലമുള്ള ദുർഗന്ധം മൂലം സമീപത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാരും വ്യാപാരികളും നട്ടം തിരിയുകയാണ്.