കോട്ടയം: ട്രാവൻകൂർ സിമന്റ്സിൽ നിന്നും വിരമിച്ച തൊഴിലാളികളും കുടുംബാംഗങ്ങളും ആനുകൂല്യങ്ങൾ ലഭ്യമാക്കാത്തതിനെതിരെ കമ്പനി പടിക്കൽ ധർണ നടത്തി. എ.ഐ.സി.സി അംഗം കുര്യൻ ജോയ് ധർണ ഉദ്ഘാടനം ചെയ്തു. ഡോ. എൻ. ജയരാജ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. കമ്പനി വക കാക്കനാട്ടും, വൈക്കത്തുമുള്ള വസ്തുക്കൾ വിറ്റ് കമ്പനിയുടെ ബാദ്ധ്യതകളും, വിരമിച്ചവരുടെ ആനുകൂല്യങ്ങളും കൊടുത്തു തീർക്കാൻ കമ്പനി മാനേജ്മെന്റ് തയ്യാറാകണമെന്ന് ജയരാജ് ആവശ്യപ്പട്ടു. എംപ്ലോയിസ് ഫോറം പ്രസിഡന്റ്‌ ജോൺ പി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, കമ്പനി നിലനിർത്തുന്നതിനും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും, സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടന്നും കമ്പനിയുടെ അവസ്ഥ വളരെ ഗുരുതരമാണന്നും, ആയത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും, ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തതായി തിരുവഞ്ചൂർ പറഞ്ഞു. അസീസ് ബഡായിൽ, അഡ്വ. വി.ബി. ബിനു, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ബി. ശശികുമാർ, സി.എൻ. സത്യനേശൻ, എസ്. രാജീവ്, കെ.,രമേശ്, സനിൽ തമ്പി, പി.എം. ജോയ്, കൃഷ്ണൻകുട്ടി സി.എസ് എന്നിവർ പ്രസംഗിച്ചു.