മഹാത്മാ ഗാന്ധിയുടെ പേരുള്ള സർവകലാശാലയിൽ നിന്ന് ഓരോ ദിവസവും ഉയരുന്നത് ഗാന്ധിജിയുടെ പേര് മോശമാക്കുന്ന കഥകളാണ്. 118 വിദ്യാർത്ഥികളെ അഞ്ചു മാർക്ക് ദാനം വഴി ജയിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റും നൽകിയ ശേഷം റദ്ദാക്കിയ അവസാനത്തെ നാറ്റക്കേസ് കൂടി ഉയരുമ്പോൾ എന്തിനാണ് ഇങ്ങനെയൊരു സർവകലാശാലയെന്ന് ചോദിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.

സർവകലാശാലാ ചട്ടവും നിയമവും നോക്കാതെയും ചാൻസലറായ ഗവർണറുടെ അനുമതി തേടാതെയും ബിരുദം റദ്ദാക്കിയതിനെതിരെ വിദേശ സർവകലാശാലകളിൽ വരെ ബിരുദാനന്തര കോഴ്സിന് ചേർന്ന വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബി.ടെക് സപ്ലിമെന്ററി പരീക്ഷ തോറ്റവർക്ക് അഞ്ച് മാർക്ക് കൂട്ടി കൊടുത്തത് സർവകലാശാല .ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയതും പിന്നീട് റദ്ദാക്കിയതും സർവകലാശാല. ഈ ഡിഗ്രിസർട്ടിഫിക്കറ്റ് വെച്ച് ജോലിയും ഉപരി പഠനവും തരപ്പെടുത്തിയ ശേഷമായിരുന്നു സർട്ടിഫിക്കറ്റ് റദ്ദാക്കൽ. വിദ്യാർത്ഥികളുടേതല്ലാത്ത തെറ്റിന് സർവകലാശാലയുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയ്ക്ക് അവരെ ബലിയാടാക്കി ജീവിതം വഴിമുട്ടിച്ചതെന്തിനെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്കാർക്കും ഉത്തരമില്ല .

വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കൂടി സർവകലാശാല റദ്ദാക്കിയതോടെ വിദേശത്തേക്ക് ആളെ വിടുന്നതിന് ചുമതലപ്പെട്ട സർക്കാർ ഏജൻസിയായ നോർക്ക സർവകലാശാലയോട് വിശദീകരണം തേടി. ആരുടെയൊക്കെ ഡിഗ്രിസർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സർവകലാശാലാ സൈറ്റിൽ നോക്കാനായിരുന്നു മറുപടി. ഇതോടെ എം.ജി സർവകലാശാലയിൽ നിന്ന് വിദേശ പഠനത്തിനും ജോലിക്കും പോകുന്നവർ നോർക്കയുടെ മുന്നിൽ സംശയ നിഴലിലായി. ബി.ടെക്ക് മാർക്കു ദാനവുമായി ഒരു ബന്ധവുമില്ലാത്ത നുറ് കണക്കിന് വിദ്യാർത്ഥികളുടെ കാര്യം ഇതോടെ കട്ടയും പുകയുമായെന്ന് പറഞ്ഞാൽ മതി.

ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ ഇങ്ങനെ ഹൈക്കോടതിയെ സമീപിക്കാനും കോടതി ഇടപെടലിനും വേണ്ടിയായിരുന്നു ചട്ടം ലംഘിച്ച് ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കിയതെന്നാണ് സർകലാശാലയുമായി ബന്ധപ്പെട്ട ഉന്നതരുടെ അടക്കം പറച്ചിൽ . ചട്ടം ലംഘിച്ച നടപടിയായതിനാൽ ബിരുദ സർട്ടിഫിക്കറ്റ് സർവകലാശാല റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല നിലപാടുമുണ്ടാകാം. ഇതു മുൻകൂട്ടി കണ്ടുള്ള കളിയായിരുന്നോ സർവകലാശാല നടത്തിയതെന്നാണ് ഈ പേക്കൂത്തുകൾ സ്ഥിരമായി കാണുന്ന നാട്ടുകാരുടെ സംശയം.

ചാൻസലർ വിഷയത്തിലിടപെട്ട് സർവകലാശാലക്കെതിരെ വിമർശനവുമായി രംഗത്തു വന്നതോടെ മാർക്ക് ദാനം വഴി ലഭിച്ച ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കിയ വിദ്യാർത്ഥികൾക്ക് പരാതികൾ ചാൻസലറായ ഗവർണറെ അറിയിക്കാമെന്നാണ് എം.ജി സർവകലാശാലയുടെ ഉപദേശം. ഇക്കാര്യം വിശദീകരിച്ച് നൂറ്റിപതിനെട്ട് വിദ്യാർത്ഥികൾക്ക് പരീക്ഷാ കൺട്രോളർ മെമ്മോ അയച്ചു തുടങ്ങി.

മെമ്മോ ലഭിച്ച് പതിനഞ്ച് ദിവസത്തിനകം പരാതികൾ എഴുതി നൽകാനാണ് നിർദേശം. ഈ പരാതി പരിശോധിച്ച് ചാൻസലർ ബിരുദം റദ്ദാക്കിയ സർവകലാശാലാ നടപടി തള്ളിയാൽ റദ്ദാക്കിയ ബിരുദം തിരിച്ചു നൽകാൻ സർവകലാശാല തയ്യാറാകണം. ഇത് മുന്നിൽ കണ്ടുള്ള ഉപദേശമാണോ വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതെല്ലാം കാണുമ്പോൾ മഹാത്മാഗാന്ധിയുടെ പേരുള്ള സർവകലാശാലയിൽ നടക്കുന്നത് ആകെ കുട്ടകളിയാണോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ സംശയം.