കാഞ്ഞിരപ്പള്ളി: പൊതുജനം വിചാരിച്ചാൽ നാട്ടിലെ പുഴകളിലൂടെ സ്ഫടികതുല്യമായ ജലമൊഴുക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഹരിതകേരള മിഷൻ നടപ്പിലാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' എന്ന നീർച്ചാൽ പുനരുജ്ജീവന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്കുതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീർച്ചാലുകളുടെ ജനകീയവീണ്ടെടുപ്പിലൂടെ മലിനായ പുഴകളും തോടുകളും എന്നന്നേക്കുമായി ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആനക്കല്ല് കോഴികുത്തി പാലം മുതൽ വളവ് കയം വരെയുള്ള തോട് ശുചീകരിച്ചുകൊണ്ടാണ് നീർച്ചാൽ പുനരുജ്ജീവന പദ്ധതി ആരംഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും മണലും നിറഞ്ഞ തോട്ടിൽ ചണ്ണച്ചെടികൾ വളർന്ന് നീരൊഴുക്ക് പൂർണമായും തടസപ്പെട്ട നിലയിലായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി പദ്ധതിവീശദീകരണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ വിദ്യ രാജേഷ്, ഷീല തൂമ്പുങ്കൽ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു, ആനക്കല്ല് ജുമാമസ്ജിദ് ഇമാം മുനീർ മൗലവി, പൊലീസ് സബ് ഇസ്പെക്ടർ മുകേഷ്, ബി.ഡി.ഒ എൻ.രാജേഷ്, ജലവിഭവവകുപ്പ് എൻജിനീയർമാരായ നിഷദാസ് , ദീപ, സുജിത്ത്, ടോണി ജോസഫ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ രാജു, കിഷോർ, പൊതുപ്രവർത്തകരായ വി.എൻ. രാജേഷ്, ബിജു ചക്കാല, ആൻസമ്മ മടുക്കക്കുഴി, പ്രാദേശിക പുഴ സംരക്ഷണസമിതി ഭാരവാഹികളായ ഷൈൻ മടുക്കക്കുഴി, സിബി തൂമ്പുങ്കൽ, ഗോപീകൃഷ്ണൻ, എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി മെൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനമൈത്രി പൊലീസ്, പൊതുജനങ്ങൾ, എസ്.ഡി. കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവർ ശുചീകരണപരിപാടികളിൽ പങ്കെടുത്തു.