കോട്ടയം : നിർമ്മാണം നിലച്ച് കിടക്കുന്ന ആകാശ നടപ്പാത വേഗത്തിൽ പൂർത്തിയാക്കാൻ നടപടി ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനിർമ്മാണ നടപടികൾ ആരംഭിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി.കെ.സുധീർബാബു പറഞ്ഞു.

കോട്ടയം നഗരസഭയുടെയും സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായാലുടൻ പണി ആരംഭിക്കും. നടപ്പാതയുടെ ഭാഗമായുള്ള ഗോവണിയും ലിഫ്റ്റും നിർമ്മിക്കുന്നതിനായാണിത്. ഭൂമി വിട്ടു നൽകുന്നതിന് നഗരസഭ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെ സമ്മത പത്രം ലഭ്യമാക്കുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വൈഎംസിഎയുടെ ഉടമസ്ഥതയിലുളള ഭൂമി വിട്ടുകിട്ടുന്നതിനുമുള്ള നീക്കം നടക്കുകയാണ്. നടപ്പാത നിർമ്മാണത്തിന് 5.18 കോടിയുടെ പദ്ധതിയ്ക്കാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നത്. കിറ്റ്‌കോയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണത്തിന്റെ ഭാഗമായി മെറ്റൽ തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. ജലവിതരണ പൈപ്പ് ലൈനുകൾ, വൈദ്യുതിപോസ്റ്റുകൾ, ലൈനുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടത്തിയിട്ടുണ്ട്. നഗരസഭാ ചെയർചേഴ്‌സൺ ഡോ.പി.ആർ.സോന, എ.ഡി.എം അലക്‌സ് ജോസഫ്, നഗരസഭാ സെക്രട്ടറി ഇ.ടി സരേഷ് കുമാർ, സി.എസ്.ഐ ബേക്കർ കോമ്പൗണ്ട് മാനേജർ റവ.രാജു ജേക്കബ്, വൈ.എം.സി.എ. ജനറൽ സെക്രട്ടറി ഷാജു ഇ.വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.