പാലാ: ളാലം പഴയപള്ളി ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 24ന് രാത്രി 7 മണിക്ക് പള്ളി അങ്കണത്തിൽ 'സെലസ്റ്റിയ 2019" ക്രിസ്തുമസ് മെഗാഷോയും പാപ്പാറാലിയും സംഘടിപ്പിക്കും. വികാരി റവ. ഫാ. ജോൺസൺ പുള്ളീറ്റ് അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ സഹായമെത്രാൻ മാർ. ജേക്കബ് മുരിക്കൻ ക്രിസ്മസ് സന്ദേശം നൽകും. 7 മണിക്ക് 100ലധികം പാപ്പാമാർ അണിനിരക്കുന്ന പാപ്പാറാലി 'സാന്തോംഫെസ്റ്റ്" നടക്കും. വികാരി റവ. ഫാ. ജോൺസൺ പുള്ളീറ്റ് പാപ്പാറാലി ഫ്ലാഗ്ഓഫ് ചെയ്യും. പാലാ നഗരത്തിൽകൂടി ചുറ്റി സഞ്ചരിച്ച് തിരിച്ച് പാപ്പാറാലി ദേവാലയ അങ്കണത്തിൽ എത്തിച്ചേരുമ്പോൾ മെഗാഷോ ആരംഭിക്കും. ളാലം സെന്റ്‌മേരീസ് സൺഡേസ്‌കൂൾ, എ.കെ.സി.സി, എസ്.എം.വൈ.എം, പിതൃവേദി, മാതൃവേദി, വിവിധ സന്യാസിനി സമൂഹങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്ത്യൻ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം, ആധുനിക നൃത്ത,ഗാന ശിൽപ്പങ്ങളും സെലസ്റ്റിയ 2019ൽ ഉണ്ടാകും. 5 വയസ്സുമുതൽ 75 വയസ്സുവരെയുള്ള ളാലം പഴയപള്ളി ഇടവകയിലെ കലാകാരന്മാർ സെലസ്റ്റിയ 2019ന്റെ ഭാഗമാകും. അസിസ്റ്റന്റ് വികാരിമാരായ റവ.ഫാ. മൈക്കിൾ വടക്കേക്കര, റവ.ഫാ. ജോൺസൺ പാക്കരമ്പേൽ, പള്ളിയോഗ ട്രസ്റ്റിമാർ, യോഗ പ്രതിനിധികൾ, സൺഡേ സ്‌കൂൾ അദ്ധ്യാപകർ, ഭക്തസംഘടനാഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ വികാരി റവ.ഫാ. ജോൺസൺ പുള്ളീറ്റ്, അസിസ്റ്റന്റ് വികാരി ജോൺസൺ പാക്കരമ്പേൽ, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ചെറുവള്ളിൽ, സെലസ്റ്റിയ 2019 കൺവീനർ ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.