അടിമാലി: സംസ്ഥാന ഹരിതകേരളം മിഷൻ പഞ്ചായത്തുകളുമായി ചേർന്ന് നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് അടിമാലി പഞ്ചായത്തിൽ തുടക്കമായി.പുഴകളുടെയും കൈത്തോടുകളുടെയും ജീവൻ നിലനിർത്തുന്നതിനായാണ് സംസ്ഥാന സർക്കാർ ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.പദ്ധതിയുടെ അടിമാലി പഞ്ചായത്ത് തല ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.ദേവിയാർ പുഴയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് പ്രധാനമായി ലക്ഷ്യം വച്ചിട്ടുള്ളത്.ദേവിയാർ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ദേവിയാർപുഴയുടെ ആഴവും വീതിയും വർദ്ധിപ്പിക്കും.പുഴയിലേക്ക് ഖര,ദ്രവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്തും.പുഴയോരങ്ങളിൽ വച്ചു പിടിപ്പിച്ചിട്ടുള്ള ഈറ്റയും മുളന്തൈകളും സംരക്ഷിക്കുന്നതിനൊപ്പം കുടുംബശ്രീപ്രവർത്തകരേയും ആശാവർക്കർമാരേയും ഹരിതസേനാംഗങ്ങളേയും പദ്ധതിയുടെ ഭാഗമാക്കും.