കുമളി: ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടനപദയാത്ര ഇന്ന് രാവിലെ 9ന് പുറപ്പെടും. ഇന്നലെ വൈകിട്ട് കട്ടപ്പന ഗുരുദേവ കീർത്തിസ്തംഭത്തിൽ നിന്ന് പ്രയാണം ആരംഭിച്ച ചൈതന്യരഥത്തിന്റെ അകമ്പടിയിൽ നൂറിലധികം ഗുരുദേവ ഭക്തർ പീതാംബരധാരികളായി പദയാത്രയിൽ പങ്കെടുക്കും.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവും ചക്കുപള്ളം ആശ്രമം കാര്യദർശിയുമായ സ്വാമി ഗുരുപ്രകാശം പദയാത്രയ്ക്ക് നെടുനായകത്വം വഹിക്കും. രാവിലെ 7.30ന് ആശ്രമത്തിൽ നടക്കുന്ന മഹാഗുരുപൂജയ്ക്ക് ശേഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, പച്ചടിശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, ശ്രീനാരായണ വൈദിക സമിതി മലനാട് യൂണയിൻ ചെയർമാൻ കെ.എസ്. സുരേഷ് ശാന്തി, വൈദികസമിതി പീരുമേട് യൂണയിൻ ചെയർമാൻ ഷാജൻ ശാന്തി, എസ്.എൻ.ഡി.പി യോഗം ചക്കുപള്ളംശാഖ പ്രസിഡന്റ് കെ.വി. പ്രസാദ് എന്നിവർ പദയാത്ര സന്ദേശങ്ങൾ നൽകും. 9ന് പുറപ്പെടുന്ന തീർത്ഥാടനം ഒന്നാംമൈൽ, കുമളി, ചെളിമട, സ്പ്രിംഗ് വാലി, ചോറ്റുപാറ, വാളാർഡി വഴി വൈകിട്ട് വണ്ടിപ്പെരിയാറ്റിൽ സമാപിക്കും. നാളെ രാവിലെ വണ്ടിപ്പെരിയാറ്റിൽ നിന്ന് പ്രയാണം തുടരുന്ന പദയാത്ര പീരുമേട്ടിൽ സമാപിക്കും. 24 ന് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന പദയാത്ര പത്തംതിട്ട, കൊല്ലം, തിരുവനന്തപുരം വഴി 29ന് ശിവഗിരിയിൽ സമാപിക്കും.