പാലാ: ഗുരുമന്ത്രമുയർന്നു ; മണിനാദവും ശംഖ് നാദവും ഒന്നിച്ചുയർന്ന പുണ്യ മുഹൂർത്തത്തിൽ തിരുനട തുറന്നു, ഭസ്മവിഭൂഷിതമായ പഞ്ചലോഹ വിഗ്രഹത്തിൽ ഗുരു ചൈതന്യം തിളങ്ങി നിൽക്കെ ശിവഗിരി പദയാത്രികർക്കുള്ള പീതാംബര ദീക്ഷാ സമർപ്പണം ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രാങ്കണത്തിലെ ഗുരു സന്നിധിയിൽ നടന്നു. ആത്മോപദേശ ശതകവും, ഗുരുസ്തവങ്ങളുമുയർന്ന പുണ്യ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പദയാത്രികർക്കൊപ്പം നിരവധി ഭക്തരുമെത്തിയിരുന്നു.

ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം സോപാനത്തിങ്കൽ വെച്ച് മേൽശാന്തി വൈക്കം സനീഷ് ശാന്തികൾ മീനച്ചിൽ യൂണിയനിലെ പദയാത്രാ ക്യാപ്ടനും മീനച്ചിൽ യൂണിയൻ കൺവീനറുമായ അഡ്വ. കെ. എം. സന്തോഷ് കുമാറിനെ ആദ്യ പീതാംബര ദീക്ഷ അണിയിച്ചു. തുടർന്ന് നൂറോളം മറ്റ് പദയാത്രികരെയും മേൽശാന്തി പീതാംബര ദീക്ഷ അണിയിച്ചു. ദീക്ഷാ സമർപ്പണ വേളയിൽ അഡ്വ. കെ.എം. സന്തോഷ് കുമാർ ആമുഖപ്രസംഗവും, കേരള കൗമുദി അസി. സർക്കുലേഷൻ മാനേജർ എ. ആർ. ലെനിൻ മോൻ അനുഗ്രഹ പ്രഭാഷണവും നടത്തി. നേരത്തേ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന ശിവഗിരി പദയാത്രാ തീർത്ഥാടന അവലോകന യോഗവും, ഇടപ്പാടി ക്ഷേത്രം വിശേഷാൽ പൊതുയോഗവും അഡ്വ. കെ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം. എൻ. ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരേഷ് ഇട്ടിക്കുന്നേൽ, ടി.കെ. ലക്ഷ്മിക്കുട്ടി ടീച്ചർ, സജീവ് കുറിഞ്ഞി, രവീന്ദ്രൻ ചെറുകാട്ടിൽ, പി. എസ്. ശാരങ്ധരൻ, സതീഷ് മണി തുടങ്ങിയവർ പ്രസംഗിച്ചു. മീനച്ചിൽ യൂണിയനിൽ നിന്നും നൂറോളം പദയാത്രികരാണ് 25ന് ശിവഗിരി തീർത്ഥാടനത്തിന് പുറപ്പെടുന്നത്.

2020ലെ ഇടപ്പാടി ഉത്സവം വിപുലമാക്കുന്നതിനുള്ള വിശേഷാൽ ഉത്സവക്കമ്മിറ്റിയും ഇന്നലത്തെ യോഗത്തിൽ രൂപീകരിച്ചു.