ചക്കാമ്പുഴ: ചക്കാമ്പുഴ ഗവ. സ്‌കൂളിന്റെ സമഗ്രവികസനത്തിനായി ഒന്നരകോടി രൂപയുടെ പദ്ധതി സമർപ്പിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. ഇതോടൊപ്പം നാല് ലക്ഷം രൂപാ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിക്കും. പ്രദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ നിരവധി പ്രഗത്ഭരെ സംഭാവന നൽകിയ ചക്കാമ്പുഴ ഗവ. സ്‌കൂൾ ഇതര വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചക്കാമ്പുഴ ഗവ. സ്‌കൂളിലെ 1994ലെ ഏഴാം ക്ലാസ് ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ പൂർവ്വ അദ്ധ്യാപകരായ പത്മാവതി കുഞ്ഞമ്മ, പ്രഭാകരൻ, ശാരദക്കുഞ്ഞമ്മ, അമ്മുക്കുട്ടിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ, ലീല, ലീലാമ്മ, മർത്താക്കുട്ടി, റോസിലി എന്നിവരെയും സ്‌കൂൾ ജീവനക്കാരി അമ്മിണിയെയും ഉപഹാരം നൽകി ആദരിച്ചു. സ്‌കൂൾ മുൻഹെഡ്മിസ്ട്രസ് പത്മാവതി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ രമാദേവി, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെമിനി സിന്നി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.എൻ. സുരേന്ദ്രൻ, രാജേഷ് വി.ജി., സ്‌കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളായ ജോസ് ചെറിയാൻ, ഗിരീഷ് കൃഷ്ണൻ, സുജിത്ത്, സ്റ്റാഫ് സെക്രട്ടറി രാജേഷ് എൻ.വി, പി.ടി.എ. പ്രസിഡന്റ് രാജി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.