ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സമ്പൂർണ ശുചിത്വ നഗരമാകാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനായോഗത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരവും മാർക്കറ്റും ശുചിയാക്കും. മീനച്ചിലാറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എടുത്ത് നീക്കും. ജനുവരി 1 മുതൽ വ്യാപാരികളിൽ നിന്ന് യൂസർ ഫീ ഈടാക്കി മാലിന്യം തരം തിരിച്ച് ശേഖരിക്കും. റോഡ് സൈഡിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളും. ഇത്തരക്കാരെക്കുറിച്ചുള്ള വിവരം നഗരസഭക്ക് കൈമാറുന്നവർക്ക് പാരിതോഷികം നൽകുകയും വിവരം രഹസ്യമാക്കി വെക്കുകയും ചെയ്യും.
ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌ക്കരിക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി അവശ്യമുള്ളവർക്കെല്ലാം ബക്കറ്റ് കംപോസ്റ്റ് നൽകും. നഗരത്തിലെ പ്രധാനപ്പെട്ട ആറ് കോളനികൾ കേന്ദ്രീകരിച്ച് തുമ്പൂർമുഴി മോഡൽ ജൈവ പ്ലാന്റ് സ്ഥാപിക്കും. ഹരിത കർമസേനാംഗങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി അജൈവ മാലിന്യങ്ങൾ ശേഖരിക്കും. ഹരിത കർമസേനാംഗങ്ങൾ ഈടാക്കിയിരൂന്ന യൂസർഫീ 60 രൂപയിൽ നിന്ന് 20 ആക്കി കുറച്ചിട്ടുണ്ട്.
നൽകുന്ന മാലിന്യം വേർതിരിച്ചുനൽകുന്നതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാലിന്യം ഇടകലർത്തി നൽകുന്നത് കാരണം ശേഖരിക്കുന്ന മാലിന്യം മുഴുവൻ സംസ്‌കരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.നിലവിൽ 5 ടൺ മാലിന്യമാണ് ഓരോ ദിവസവും പ്ലാന്റിലെത്തുന്നത്.ഈ മാലിന്യം വൻതോതിൽ കൂടിക്കലർന്നതായതിനാൽ സംസ്‌ക്കരിക്കാൻ പറ്റുന്നില്ല. 2016ലെ മാലിന്യ പരിപാലന നിയമപ്രകാരം ഉൽപാദിപ്പിക്കുന്നവർ മാലിന്യം വേർതിരിച്ച് സംസ്‌കരിക്കണം. ഷോപ്പുകളും ഫ്‌ളാറ്റുകളും പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും വേർതിരിച്ചുനൽകണം. ഇതര പാഴ് വസ്തുക്കൾ സ്രോതസ്സിൽ സൂക്ഷിക്കണം. ആറുമാസത്തിലൊരിക്കൽ നഗരസഭ ശേഖരിക്കും. വേർതിരിക്കാത്ത മാലിന്യം നൽകുന്നവരിൽ നിന്നും ശേഖരിക്കുന്നവരിൽ നിന്നും ഫൈൻ ഈടാക്കുന്ന കാര്യവും ആലോചിക്കുന്നു. മാലിന്യം വേർതിരിച്ചു നൽകുന്നതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും നഗരസഭാ ചെയർമാൻ വി.എം. സിറാജ് അറിയിച്ചു.