കോട്ടയം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം, യൂത്തുമൂവ്മെന്റ് തിരുവഞ്ചൂർ യൂണിറ്റുകളുടെ രജതജൂബിലി ആഘോഷ സമാപനം ഇന്ന് നടക്കും. കഴിഞ്ഞ ജനുവരി 1ന് തുടങ്ങിയ ആഘോഷപരിപാടികളാണ് ഇന്ന് സമാപിക്കുന്നത്. ഉച്ചക്ക് 2ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ബിനോ ചമയങ്കര അദ്ധ്യക്ഷത വഹിക്കും. യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി. ആക്കളം മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ രജതജൂബിലി സന്ദേശം നൽകും. കഴിഞ്ഞ 25 വർഷം തിരുവഞ്ചൂർ ശാഖയുടേയും പോഷകസംഘടനകളുടേയും ഭാരവാഹികളായി കാലാവധി പൂർത്തിയാക്കിയ എല്ലാവരെയും സമ്മേളനത്തിൽ ആദരിക്കും. ശാഖ സെക്രട്ടറി കെ.എൻ. നാണപ്പൻ, വൈസ് പ്രസിഡന്റ് എൻ.ആർ. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഒ.എം. അശോകൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ ജിനോ ഷാജി, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് മല്ലിക ഷാജിമോൻ, സെക്രട്ടറി ജയ പ്രസാദ്, കുടുംബയോഗം കൺവീനർമാരായ പി.എൻ. ഷാജി, സഹദേവൻ, ഷാജി, സുരേന്ദ്രൻ, ദിലീപ് എന്നിവർ പ്രസംഗിക്കും. യൂത്തുമൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി ബിജിൽ പി. ബിജു സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് എം.ആർ. മനേഷ് നന്ദിയും പറയും. അയർക്കുന്നം പൊലീസ് സബ് ഇൻസ്പെക്ടർ കെ.ആർ.ഹരികുമാർ 'രക്ഷിതാക്കൾ അറിയാൻ' എന്നവിഷയത്തിൽ ക്ലാസ് നയിക്കും. സമ്മേളനത്തിന് ശേഷം സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും അരങ്ങേറും.