കോട്ടയം: ഇവർ അഭയാർത്ഥികളല്ല, ആരോരുമില്ലാത്ത മലയാളികളാണ്. മാരകമായി മുറിവേറ്റ ശരീരവും അതിലേറെ തളർന്ന മനസുമായി ജില്ലാജനറൽ ആശുപത്രി വരാന്തയിൽ ജീവിതം തള്ളിനീക്കുന്ന വെറും മനുഷ്യക്കോലങ്ങൾ. പരിചരിക്കാനും കൂട്ടിരിക്കാനും ബന്ധുക്കളായി കുറെ ആശുപത്രി ജീവനക്കാർ മാത്രം.
തളർവാതം ബാധിച്ച മലപ്പുറംകാരനായ നിത്യകല്യാണി (45), ഫോർട്ടുകൊച്ചി സ്വദേശി ബിജു (40), സ്വന്തമായി മേൽവിലാസമില്ലാത്ത രവി (65), അടൂർ കടമ്പനാട്ടിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നാടുവിട്ട കുഞ്ഞുമോൻ (70), വൈക്കം സ്വദേശി മനോഹരൻ (51) എന്നിവരാണ് പന്ത്രണ്ടാം വാർഡിന്റെ വരാന്തയിൽ നെടുനീളത്തിൽ നിരത്തിയിട്ടിരിക്കുന്ന കട്ടിലിൽ അവശന്മാരായി ജീവിതം തള്ളിനീക്കുന്നത്. തളർവാതം ബാധിച്ച നിത്യകല്ല്യാണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്നാണ് പറയുന്നത്. ഇയാൾ നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ഭാര്യ തള്ളിപ്പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ഇയാളെ ഇവിടെ എത്തിച്ചത്. ഫോർട്ടുകൊച്ചിക്കാരൻ ബിജുവിന് നാട്ടിൽ 4 സെന്റ് സ്ഥലവും അതിൽ നാരായണക്കിളിക്കൂടുപോലൊരു വീടുമുണ്ടത്രേ. പക്ഷേ അവിടെ കാത്തിരിക്കാൻ ആരുമില്ല. ആരോ തല്ലിയൊടിച്ച ഇടതുകാലിൽ സ്റ്റീൽ കമ്പികൾ ഇട്ട് അനങ്ങാനാവാത്ത അവസ്ഥയിലാണ്. അഞ്ജാതനായ രവിക്ക് ഉടുതുണി പോലുമില്ല. വലതുകാൽ മുട്ടിനുമുകളിൽ വച്ച് മുറിച്ചുമാറ്റിയിരിക്കുകയാണ്. കടമ്പനാട് സ്വദേശി കുഞ്ഞുമോന്റെ രണ്ടുകാലും ഒടിഞ്ഞതുകാരണം പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് കലഞ്ഞൂരിൽ വച്ച് അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയതാണ്. പൊലീസുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ താങ്ങാൻ ആളില്ലാത്തതുകൊണ്ട് ജനറൽ ആശുപത്രിയിൽ തള്ളി. വൈക്കംകാരൻ മനോഹരന്റെ വലതുകാലിൽ ഇരുമ്പുകമ്പി തുളച്ചുകയറിയെന്ന് പറയുന്നു (പറയുന്ന കാര്യത്തിൽ അവ്യക്തതയുണ്ട്). എല്ലാവരും മെഡിക്കൽ കോളേജിൽ നിന്ന് കയറ്റി അയക്കപ്പെട്ടവരാണ്.
മലമൂത്ര വിസർജനമുൾപ്പെടെ എല്ലാം കിടന്നകിടപ്പിൽതന്നെ. പരിചരിക്കാൻ ആരുമില്ലാത്തതുകൊണ്ട് ആശുപത്രി ജീവനക്കാരാണ് എല്ലാകാര്യങ്ങളും നോക്കുന്നത്. ഊട്ടാനും ഉടുപ്പിക്കാനും കുളിപ്പിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്രിക്കാനുമെല്ലാം ജീവനക്കാർ വേണം. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദു കുമാരിയുടെ മാനുഷീക പരിഗണനയ്ക്കുമുമ്പിൽ മറ്റ് ജീവനക്കാരും അടിയറവുപറയുകാണ്. കിടന്നകിടപ്പിൽ എല്ലാം നിറവേറ്റുന്ന ഇവരുടെ സാമിപ്യം ജനറൽ വാർഡിലെ മറ്റ് രോഗികളുടെ ആരോഗ്യത്തെപ്പോലും സാരമായി ബാധിച്ചേക്കാമെന്ന ഭയം എല്ലാവർക്കുമുണ്ട്. പക്ഷേ എന്തുചെയ്യാൻ ആരോരുമില്ലാത്ത ഈ മനുഷ്യക്കോലങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ. ആഗോള മനുഷ്യാവകാശത്തിന് വേണ്ടി തെരുവിൽ കലഹിക്കുന്നവരിൽ ആരെങ്കിലും ഇവരെകൂടി പരിഗണിച്ചിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കാനെ നിവൃത്തിയുള്ളു.