തലയോലപ്പറമ്പ്: ക്ഷീരകർഷകരുടെ ഫാമിലി പെൻഷൻ 150 രൂപയിൽ നിന്നും 550 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ക്രിസ്മസ് സമ്മാനമായ ഈ തുക 23 മുതൽ അവരവരുടെ അക്കൗണ്ടിൽ എത്തുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരസംഘം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നും ഇതു സംബന്ധിച്ച് ഉത്തരവ് ഉടനെ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. പാലുൽപാദനരംഗത്ത് കേരളം സ്വയംപര്യാപ്തത നേടിയെന്നും വിജയകരമായ ഈ ദൗത്യത്തിന്റെ പ്രഖ്യാപനം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ക്ഷീരകർഷക സംഗമത്തിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരവികസന വകുപ്പിന്റെ വികസനത്തിനായി 120 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സി. കെ. ആശ എം. എൽ. എ. അധ്യക്ഷത വഹിച്ചു. പ്രളയാനന്തര അതിജീവന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം. എൽ. എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടി. കെ. അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, പി. സുഗതൻ, ജോഷി ജോസഫ്, സി. എം. സന്തോഷ്, സോണി ഇറ്റയ്ക്കൽ, ജോമോൻ, എം. അനിൽകുമാർ, പി. വി. ജോസഫ്, കെ. സോമൻ, ടി. ടി. തോമസ്, ഗീത, ആർ. രാജേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ക്ഷീരകർഷക മേഖലയിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൊയ്ത കർഷകരെ ചടങ്ങിൽ ആദരിച്ചു.