പ്രതികൂല കാലാവസ്ഥയുൾപ്പെടെ പലതും സഹിക്കുന്ന കർഷകന് ചൂഷകവർഗത്തെക്കൂടി തീറ്റിപ്പോറ്റിയാലേ നെൽകൃഷി ചെയ്യാനാകൂ.

ഇക്കാര്യത്തിൽ ദേശാടനക്കിളികൾ മുതൽ സർക്കാർ സംവിധാനങ്ങൾ വരെ തങ്ങളുടെ പങ്ക് നിർവഹിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ യഥാസമയം ലഭ്യമാക്കാതിരിക്കുക എന്നതാണ് ഔദ്യോഗികതലത്തിലെ പ്രധാന ചൂഷണം. ഉദാഹരണത്തിന് വൈദ്യുതി . നെൽകൃഷിക്ക് പ്രാധാന്യമുള്ള അന്യസംസ്ഥാനങ്ങളിൽ പലതിലും കാർഷികാവശ്യത്തിനുള്ള വൈദ്യുതി പൂർണമായും സൗജന്യമാണ്. ഇവിടെ സൗജന്യം ചോദിക്കുന്നില്ല. മുടക്കമില്ലാതെ ലഭ്യമാക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. ദിവസങ്ങളോളം തുടർച്ചയായ പമ്പിംഗ് ആവശ്യമുള്ളപ്പോൾ 12 മണിക്കൂറും അതിലേറെയും വൈദ്യുതി മുടങ്ങുന്നത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കർഷകർ പറയുന്നു.

ഏക്കർ കണക്കിന് വിശാലമായ പാടശേഖരങ്ങളിൽ വെള്ളം പമ്പ് ചെയ്തുകളയാൻ സ്വന്തമായി സംവിധാനങ്ങളില്ലെന്നതും കുട്ടനാടൻ കാർഷികമേഖലയുടെ വലിയ പ്രതിസന്ധിയാണ്. വാടകയ്ക്ക് എടുക്കുന്ന പമ്പ് സെറ്റ് ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം നൽകണം. ഇതൊന്നും നേരത്തെ പറഞ്ഞ കൃഷിച്ചെലവിന്റെ പരിധിയിൽ വരുന്നതുമല്ല. കൃഷിവകുപ്പിൽ നിന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ പാടശേഖരസമിതികൾക്ക് ആവശ്യമായ പമ്പുസെറ്റ് ലഭ്യമാക്കാവുന്നതേയുള്ളു. പക്ഷേ അത്രയും ദീർഘവീക്ഷണം ഒരിടത്തും നടക്കുന്നില്ലെന്നതാണ് പ്രശ്നം.

കൃഷിച്ചെലവിന്റെ കണക്കിൽപ്പെടാത്ത മറ്റൊരു അനാമത്താണ് കിളിയാട്ട്. വിതച്ച നെല്ല് കൊത്തിപ്പെറുക്കാൻ കൂട്ടത്തോടെയെത്തുന്ന പ്രാവും ഏരണ്ടയുമാണ് വില്ലന്മാർ. നെല്ല് കതിരായാൽ പിന്നെ കാർമേഘപാളികൾ പോലേ കൂട്ടത്തോടെ പറന്നിറങ്ങുന്ന കുരുവികൾ വേറെയും. വിത മുതൽ കൊയ്ത്തുവരെ ഇവറ്റകളെ തുരത്താൻ പകൽ മുഴുവൻ പാടത്ത് കാവലിരിക്കണം. സ്വന്തം നിലയിൽ ആവതില്ലെങ്കിൽ അതിനും കൂലികൊടുത്ത് ആളെ നിയമിക്കണം. പ്രാവ് വന്നാൽ നെൽമണികൾ നഷ്ടമാകുമെന്നേയുള്ളു . എരണ്ടയുടെ കാര്യം അതല്ല. ഇവയുടെ വിളയാട്ടം കഴിയുന്നതോടെ പാടത്തെ മണ്ണിന്റെ ഘടനതന്നെ മാറിപ്പോവുകയാണ്. ചെറിയതൂവൽ വീണ് മേൽമണ്ണ് മൂടിപ്പോകും. അതിൽ വീണ്ടും വിത്ത് മുളക്കില്ല. മണ്ണിളക്കി ആദ്യംമുതൽ തുടങ്ങണം. ഇത്തരം ചെലവുകളൊന്നും കർഷകന് താങ്ങാനാവുന്നതല്ല. മുഞ്ഞയും തണ്ടുതുരപ്പനും പോലുള്ള കീടബാധകളും ഉണ്ടാകാം.

ഇതൊക്കെ അതിജീവിച്ച് വല്ല വിധേനയും കൊയ്ത്തിന് പാകമാകുമ്പോൾ ഇരുകാലി ചൂഷകരുടെ ഊഴമാകും. ആദ്യമെത്തുന്നത് യന്ത്രത്തിന്റെ ഏജന്റുമാരാണ്. കുട്ടനാട് പാക്കേജിൽനിന്ന് കോടികൾ മുടക്കി സംസ്ഥാനസർക്കാർ വാങ്ങിക്കൂട്ടിയ 100 കണക്കിന് കൊയ്ത്തുയന്ത്രങ്ങൾ എവിടെയൊക്കെയോ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. എന്നാലും കേരളത്തിലെ പാടങ്ങൾ കൊയ്തെടുക്കണമെങ്കിൽ അണ്ണാച്ചിമാരുടെ യന്ത്രം വരണം. അത് കൊണ്ടുവരുന്നതിനും മുൻഗണനാക്രമത്തിൽ പ്രവർത്തിപ്പിക്കുന്നതിനുമൊക്കെ ഏജന്റുമാരുടെ കനിവ് കൂടിയേ തീരു. സമയം മിനക്കെടുത്തി പണം നഷ്ടപ്പെടുത്തുന്ന സൂത്രവിദ്യ യന്ത്രം ഓപ്പറേറ്റർക്ക് അറിയാവുന്നിടത്തോളം കാലം ഒരു കർഷകനും മറുവാക്ക് പറയില്ല.

കൊയ്ത്തുകഴിഞ്ഞാൽ മില്ലുടമയുടേയും ചുമട്ടുകാരുടെയും ഊഴമെത്തും. രക്തം വിയർപ്പാക്കി കൃഷിചെയ്ത നെല്ല് പാടത്തുകിടന്ന് നശിക്കുന്നത് കാണാൻ ആഗ്രഹിക്കാത്തതുകൊണ്ട് ആരോടും കലഹിക്കാൻ പോകാറില്ല. ഒരു ക്വിന്റൽ നെല്ലിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചുമട്ടുകൂലി (പാടത്തുനിന്ന് ചുമന്ന് ലോറിയിൽ/ വള്ളത്തിൽ കയറ്റുന്നതിന്) 12 രൂപയാണ്. എന്നാൽ കർഷകർ നൽകേണ്ട കൂലി 200 രൂപ. നെല്ല് ചാക്കിൽ വാരി നിറയ്ക്കുന്നതുൾപ്പെടെ ലോഡിംഗിന്റെ പരിധിയിൽ വരുമെങ്കിലും ക്വിന്റലിന് 150 രൂപപ്രകാരം ക്വട്ടേഷൻ നൽകിയാലേ കാര്യം നടക്കൂ.

പുഞ്ചകൃഷിയെ പ്രതികൂലമായി ബാധിക്കുന്ന മുഖ്യഘടകങ്ങളിൽ ഒന്ന് ഓരുവെള്ളമാണ്. കായലിലെ ജലനിരപ്പ് താഴുമ്പോൾ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്ക്കുക എന്നത് പണ്ടുമുതലുള്ള കീഴ്‌വഴക്കമാണ്. എന്നാൽ അവിടെ നടക്കുന്ന തിരിമറികൾ കാരണം കായലിൽ ഉപ്പുവെള്ളം കയറുകയും നെൽകൃഷിയെ പ്രതികൂലമായ ബാധിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യം എല്ലാവർക്കും അറിയാവുന്ന പരസ്യമാണ്. പക്ഷെ പൂച്ചയ്ക്ക് മണികെട്ടാൻ ആരുമില്ല.

കൊയ്ത്ത് യന്ത്രത്തിന്റെ വാടക 2300/ മണിക്കൂർ

ഒരു ഏക്കർ കൊയ്യാൻ സമയം : 2 മണിക്കൂർ,

ഏജന്റുമായി പിണങ്ങിയാൽ : 3 മണിക്കൂർ

ഏക്കറിന് കൊയ്ത്ത് ചെലവ് : ശരാശരി 4600 രൂപ.

ഒാഫീസർമാരുടെ ചതി

മില്ലുടമയുടെ ഊഴം നെല്ലിന്റെ ഉണക്ക് നിശ്ചയിക്കുന്നതിലാണ്. പുഞ്ചകൃഷിക്ക് 17 ശതമാനവും വർഷകാല കൃഷിക്ക് 22 ശതമാനവുമാണ് അംഗീകൃത നനവ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കർഷകരെ നനവിന്റെ പേരിൽ ഇവർ സമ്മർദ്ദത്തിലാക്കും. 2016 ലെ ഒരു സീസണിൽ മില്ലുടമകളും പാടശേഖര സമിതിയുമായി ഈ കാര്യത്തിലുണ്ടായ തർക്കം പരിഹരിച്ചത് ഏറെ വിചിത്രമായിരുന്നു. 100ന് 10 കിലോ എന്നക്രമത്തിൽ തൂക്കം കിഴിവ് തന്നാലേ നെല്ല് എടുക്കൂ എന്ന മില്ലുടമകളുടെ വാശി കർഷകർ അംഗീകരിച്ചില്ല. തർക്കം പരിഹരിക്കാൻ ഏല ഓഫീസറും പാടി ഓഫീസറും രണ്ട് ക്ലാർക്കുമാരും എത്തി. ഒത്തുതീർപ്പ് ഫോർമുല പ്രകാരം 28 കിലോ കുറച്ചു. അതായത് മില്ലുടമകൾ ആവശ്യപ്പെട്ടതിന്റെ ഏതാണ്ട് മൂന്നിരട്ടി ആനുകൂല്യം നൽകിയെന്ന് സാരം.