കോട്ടയം: നഗരത്തിന് പുതുവർഷസമ്മാനമായി കഞ്ഞിക്കുഴി പ്ലാന്റേഷൻ മേൽപ്പാലവും, ഈരയിൽക്കടവ് പാലവും ഉടൻ തുറന്നു കൊടുക്കും. വർഷങ്ങളോളമായി നിർമ്മാണം മുടങ്ങിക്കിടന്നിരുന്ന രണ്ടിന്റെയും അന്തിമഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ മേൽപ്പാലത്തിന്റെ അന്തിമഘട്ടത്തിൽ നിറച്ച കോൺക്രീറ്റ് ഉറയ്‌ക്കുന്നതിനുള്ള പത്തു ദിവസം കൂടി കഴിഞ്ഞാൽ പാലം തുറന്നു നൽകും. ഈരയിൽക്കടവ് റോഡിലെ ഓടയുടെ നിർമ്മാണം പൂർത്തിയായാൽ ടാറിംഗ് ആരംഭിക്കും. ഇതിനു പത്തു ദിവസത്തിൽ താഴെ മാത്രം മതിയാവും. ടാറിംഗിനു മുന്നോടിയായി റോഡിൽ മെറ്റൽ നിരത്തിയിട്ടുണ്ട്. ഈരയിൽക്കടവ് ജംഗ്‌ഷൻ മുതൽ പാലം വരെയുള്ള 300 മീറ്റർ ദൂരത്തിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുണ്ടായ കാലതാമസമാണ് റോഡിന്റെ ടാറിംഗ് വൈകിപ്പിച്ചത്. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചതിന്റെ നഷ്ടപരിഹാരമായി 11 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിനു നൽകി. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ സ്വന്തം ഫണ്ടിൽ നിന്നും പൊതുമരാമത്ത് വകുപ്പ് എടുത്താണ് റോഡ് നിർമ്മാണ് പുനരാരംഭിച്ചത്. ഓട നിർമ്മിച്ച ശേഷം പത്തു ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തുന്നതിനാണ് പദ്ധതി. 2012 ൽ നിർമ്മാണം ആരംഭിച്ച് രണ്ടു വർഷം കൊണ്ടു അന്തിമഘട്ടത്തിലേയ്‌ക്കു എത്തിയ റോഡ് വഴിയിൽ തടഞ്ഞു കിടന്നത് മൂന്നു വർഷമാണ്. സർക്കാർ മാറിയതോടെ തട്ടിയും മുട്ടിയും മുന്നോട്ടു പോയ റോഡ് നിർമ്മാണം പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് അതിവേഗം പുരോഗമിച്ചത്. 17 ഏക്കറിൽ പാടശേഖരത്തിനു നടുവിലൂടെ നിർമ്മിച്ചിരിക്കുന്ന റോഡിനായി 5.90 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. മൂന്നര കിലോമീറ്ററാണ് റോഡിന്റെ ദൂരം.
കഞ്ഞിക്കുഴിയിൽ പാലം റെഡി
കഞ്ഞിക്കുഴിയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം നിർമ്മാണം ആരംഭിച്ചത്. റോഡിലെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ വൈകിയതിനാലാണ് പാലം നിർമ്മാണം ഒരു മാസം കൂടി വൈകിയത്. പൈപ്പ് ലൈൻ നീക്കിയ ശേഷം ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്.