കോട്ടയം: മണ്ഡലകാലം അവസാനിക്കാൻ അഞ്ചു ദിവസം ബാക്കി നിൽക്കെ, കെ.എസ്.ആർ.ടി.സിയ്‌ക്ക് വാരിക്കോരി നൽകി അയ്യപ്പൻമാർ. കഴിഞ്ഞ വർഷത്തെ ശബരിമല സീസണിലുണ്ടായ നഷ്‌ടം ഇക്കുറി കോട്ടയം ഡിപ്പോ മറികടന്നു. അയ്യപ്പൻമാരുടെ എണ്ണത്തിൽ ഒൻപത് ലക്ഷത്തിന്റെയും വരുമാനത്തിൽ അരക്കോടിയുടെയും വർദ്ധന ഇക്കുറി ഉണ്ടായി.
35 ബസുകളാണ് ആദ്യ ഘട്ടത്തിൽ ഡിപ്പോയ്‌ക്കായി അനുവദിച്ചത്. എന്നാൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. പ്രതിദിനം അറുപത് മുതൽ 75 വരെ സർവീസുകളാണ് പമ്പ സ്‌പെഷ്യലായി നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ സർവീസുകളും.
യുവതീ പ്രവേശന വിധിയെ തുടർന്നുണ്ടായ സമരവേലിയേറ്റങ്ങളിൽ കഴിഞ്ഞ വർഷം അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഈ സമയം വരെ കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പൻമാർ മാത്രമായിരുന്നു. എന്നാൽ, ഇക്കുറി 10.80 ലക്ഷമാണ്. ഇവരിൽ നാൽപ്പത് ശതമാനത്തിനു മുകളിൽ ഇതര സംസ്ഥാനക്കാരാണ്.
കഴിഞ്ഞ വർഷം ഇതേ സമയം 1.10 കോടി രൂപയായിരുന്നു വരുമാനം. ഇക്കുറി 1.60 കോടിയായി .
കൂടുതൽ ക്രമീകരണങ്ങൾ
മകരവിളക്ക് സമയത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കും.
ഡി.ടി.ഒ, കോട്ടയം ഡപ്പോ.