പൊൻകുന്നം: ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് ചിറക്കടവ് പഞ്ചായത്തിൽ തുടക്കമായി. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി ഹരിത കേരളാ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പഞ്ചായത്തും ഓരോ നീർച്ചാൽ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. നദികളും തോടുകളും വൃത്തിയാക്കുകയും നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യുന്ന പ്രവർത്തികൾ ചിറക്കടവ് പഞ്ചായത്തിൽ തുടങ്ങി. ചിറക്കടവിലെ ഏറ്റവും വലിയ നീർച്ചാലായ കണത്തോടാണ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കുന്നത്. തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തിപ്പ്. ആറ് വാർഡുകളിലൂടെ കടന്ന് പോകുന്ന തോടിന്റെ ചിറക്കടവ് അമ്പലം മൂലകുന്ന് ഭാഗം, മറ്റത്തിൽപ്പടി ഭാഗം, മണ്ണത്താനിപ്പടി, ഒറ്റപ്ലാക്കൽ പടി എന്നീ നാല് ഭാഗങ്ങളാണ് വൃത്തിയാക്കിയത്. ഇരുഭാഗത്തെയും കാട് വെട്ടിത്തെളിച്ച് തോട്ടിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ നിർവഹിച്ചു. വാർഡ് മെമ്പർ ബി. രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ഇറിഗേഷൻ വകുപ്പ് അധികാരികൾ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.