കോട്ടയം: വഴിയോരങ്ങളിലെ കച്ചവടം വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വഴിയോര കച്ചവട കേന്ദ്രങ്ങളിൽ അശ്രദ്ധമായി വാഹനം നിർത്തിയതിനെ തുടർന്ന് ജില്ലയിൽ മൂന്ന് അപകടങ്ങളാണ് മൂന്നു മാസത്തിനിടയിൽ ഉണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ മിക്കവാറും റോഡുകളിൽ അനധികൃത കച്ചവടമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വഴിയോര വാണിഭക്കാരിൽ നിന്നു സാധനങ്ങൾ വാങ്ങാനും വില ചോദിക്കാനുമൊക്കെ പൊടുന്നനെ വണ്ടി നിർത്തുമ്പോൾ അപകടങ്ങളുണ്ടാകാറുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴിയോര വാണിഭക്കാരുടെ തന്ത്രങ്ങളും അപകടക്കെണികളാകുന്നു. ഇത്തരം കാഴ്ചകളിൽ അഭിരമിച്ച് വാഹനമോടിക്കുമ്പോഴും അപകടമുണ്ടാകുന്നു. ക്രിസ്മസ്, പുതുവത്സര സീസണായതോടെ വഴിയോര വാണിഭക്കാരുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ്
മുന്നറിയിപ്പ്.
അപകടങ്ങൾ
ചിങ്ങവനത്ത് റോഡരികിൽ വിൽക്കാൻ വച്ചിരുന്ന അലങ്കാര മത്സ്യങ്ങളെ കാണാൻ നിർത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു.
പാലായിൽ വഴിയോരക്കച്ചവട കേന്ദ്രത്തിനു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച സ്‌കൂട്ടർ ഇടിച്ച് യുവാവിന് പരിക്കേറ്റു.
കടുത്തുരുത്തിയിൽ വഴിയോരക്കച്ചവടക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു.
3 മാസത്തിനിടെ
3 അപകടങ്ങൾ
റോഡരുകിൽ പാർക്കിംഗ് തടയും
അനധികൃത കച്ചവടം ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നടപടിയെടുക്കേണ്ടത്. പൊതുമരാമത്ത് വകുപ്പും ഇതിനു സഹകരണം തേടണം. മോട്ടോർ വാഹന വകുപ്പ് റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
ടോജോ എം.തോമസ്, ആർ.ടി.ഒ
എൻഫോഴ്‌സ‌്‌മെന്റ്