കോട്ടയം: വർഷങ്ങളായി തരിശിട്ടു കിടന്ന പൂഴിക്കുന്ന് പാടശേഖരത്ത് വിത്തിറക്കി കേരള ഗസറ്റഡ് ഒാഫീസേഴ്‌സ് അസോസിയേഷൻ. അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ മണിപ്പുഴ - ഈരയിൽകടവ് ബൈപാസ് റോഡരികിലെ പൂഴിക്കുന്ന് പാടശേഖരത്തിലെ രണ്ടേക്കറിലാണ് കൃഷിയിറക്കിയത്. ഇന്നലെ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വിതയുത്സവം ഉദ്ഘാടനം ചെയ്‌തു.
കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എസ്.ആർ മോഹനചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ആർ രാജീവ്, അർജുനൻപിള്ള, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ ലാൽജി വി.സി, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതയുത്സവം. ഇരുപത്തിയേഴ് വർഷമായി തരിശ് കിടന്നിരുന്ന നൂറ്റിഇരുപത്തിയേഴ് ഏക്കറുള്ള ഈ പാടശേഖരം മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷി യോഗ്യമാക്കിയത്. കൃഷി ഭൂമി തരിശിടാൻ പാടില്ല എന്ന സർക്കാരുത്തരവിൻ പ്രകാരമാണ് അഡ്വ.കെ അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മ മൊബിലിറ്റി ഹബ്ബിനായി നികത്താൻ അനുമതി കൊടുത്ത പൂഴിക്കുന്ന് പാടശേഖരത്തിൽ കൃഷിയിറക്കിയത്.