പാലാ : മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നവീകരിച്ച പുതിയ ഓഡിറ്റോറിയത്തിന്റെ സമർപ്പണം ചലച്ചിത്ര നടൻ സുരേഷ് ഗോപി എം.പി നിർവഹിച്ചു. വിവാഹ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്ന ആഡംബര ഓഡിറ്റോറിയങ്ങൾക്ക് പകരം സാധാരണക്കാർക്ക് താങ്ങാവുന്നതും ഭംഗിയുള്ളതുമായ ഓഡിറ്റോറിയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുരിക്കുംപുഴ എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച ഓഫീസ് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവീകരണത്തിലും നവോത്ഥാനത്തിലും വലിയ സംഭാവന നൽകിയ പ്രസ്ഥാനമാണ് എൻ.എസ്.എസ് എന്ന് അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് അഡ്വ.പി.കെ.ലാൽ പുളിക്കക്കണ്ടം അദ്ധ്യക്ഷനായി. എൻ. എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, പ്രതിനിധി സഭാംഗവുമായ സി.പി.ചന്ദ്രൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്റെ ശ്രീപത്മനാഭം പദ്ധതിയിലേയ്ക്കുള്ള ഫണ്ട് കരയോഗം സെക്രട്ടറി കെ.പി.രമേശിൽ നിന്ന് യൂണിയൻ സെക്രട്ടറി രഘുനാഥൻ നായർ ഏറ്റുവാങ്ങി. സോപാന സംഗീതാർച്ചന നടത്തിയ ബിലഹരി എസ്.മാരാർ, ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ പ്രമുഖർ എന്നിവരെ മാണി സി.കാപ്പൻ എം.എൽ.എ കരയോഗത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ പ്രതിനിധിയും നഗരസഭാംഗവുമായ അഡ്വ. ബിനു പുളിക്കക്കണ്ടം അതിഥികള പരിചയപ്പെടുത്തി.