കോട്ടയം: മണ്ഡരിയും കാലാവസ്ഥാമാറ്റവും കള്ള് വ്യവസായത്തെ തകർത്തതോടെയാണ് ചെത്ത് തൊഴിലാളികൾ പാലക്കാട് ചിറ്റൂരിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തത്. എന്നാൽ അവിടെയും കരുതിയതുപോലെ കള്ള് കിട്ടിയില്ല. അങ്ങനെയാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഷാപ്പുകളിലേക്ക് വ്യാജകള്ള് എത്താൻ തുടങ്ങിയത്. ഇത് പഴയകഥ. എന്നാൽ കള്ളിൽ ചേർക്കുന്ന 'തുരുതുരുപ്പ്' പൊടിയാണ് ഇപ്പോഴത്തെ കഥ. ഒരു നുള്ള് പൊടി ഉപയോഗിച്ച് കള്ള് നിർമ്മിക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം. തുരുതുരുപ്പ് ചേർത്താൽ കള്ള് റെഡി. രുചിയിലും രൂപത്തിലും മണത്തിലും ഒരു മാറ്റവുമില്ല. എന്നാൽ ഇത് അകത്താക്കിയാലോ ഭാവം മാറും, രൂപം മാറും. പിന്നെ ചെയ്തുകൂട്ടുന്നത് എന്താണെന്ന് പ്രവചിക്കുക അസാദ്ധ്യം. പ്രത്യേകതരം പൊടിയാണ് 'തുരുതുരുപ്പ്'. രണ്ട് കുടം കള്ളുണ്ടാക്കാൻ ഒരു സ്പൂൺ പൊടി തന്നെ ധാരാളം. കൂടാതെ ഉഗ്രവിഷമായ ദ്രാവകവും ഉപയോഗിക്കുന്നുണ്ട്. 'തുരുതുരുപ്പ്' എന്നാണ് പുതിയ പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന കള്ളിന്റെയും പേര്. കൊഴുപ്പുള്ള ദ്രാവകം ഉപയോഗിച്ച് നിർമ്മിക്കുന്ന കള്ളിന് പേര് ഇട്ടിട്ടില്ല. ഇവ രണ്ടും തമിഴ്‌നാട്ടിൽ പ്രാദേശികമായി ഉണ്ടാക്കുന്നതാണെന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എക്സൈസ് അധികൃതർ പറയുന്നു. വ്യാജകള്ളിന്റെ രണ്ടു സാമ്പിളുകളും കൊച്ചിയിലെ ലാബിൽ അധികൃതർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊടിയും ദ്രാവകവും പുറത്തുനിന്നുള്ളവർക്കു കിട്ടില്ല. രഹസ്യമായാണ് വില്പന. കലക്കുകള്ളുണ്ടാക്കുന്നവർക്ക് ഇവ വാങ്ങി നൽകാൻ പ്രത്യേക ആളുകളുണ്ട്. ദ്രാവകത്തിന്റെ വിൽപനയ്ക്കു കുറച്ചുകൂടി രഹസ്യസ്വഭാവമുണ്ട്. ഒറ്റനോട്ടത്തിൽ കലക്കാനുപയോഗിക്കുന്ന പഴയ പൊടി പോലെ തോന്നുമെങ്കിലും കൂടുതൽ മിനുസവും മധുരവുമുള്ള പുതിയ പൊടി സാക്രീനെക്കാൾ ഗ്രേഡ് കൂടിയതാണെന്നാണ് എക്‌സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പാലക്കാടൻ കള്ളിനൊപ്പം കലക്കു കള്ള് നേരത്തെതന്നെ കോട്ടയത്തും മറ്റ് ജില്ലകളിലെയും ഷാപ്പുകളിൽ എത്തിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പണ്ടുതന്നെ ചാരായകള്ള് സുലഭമായിരുന്നു. എന്നാൽ അതുക്കും മേലെയാണ് തുരുതുരുപ്പ് കള്ള്. വ്യാജകള്ളിനെതിരെ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് എക്സൈസ്. പാലക്കാട്ട് ചിറ്റുരിൽ നിന്ന് ലോറികളിൽ എത്തുന്ന കള്ള് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. എന്ത് മാരക വിഷം ചേർത്താണ് കള്ള് നിർമ്മിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്. അതിന് പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. പുതിയ പൊടിയെയും ദ്രാവകത്തെയുംകുറിച്ച് സംസ്ഥാന പൊലീസ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

200 മുടക്കിയാൽ 2000 രൂപ ലാഭം!

കലക്കാനുള്ള പൊടി 50 ഗ്രാമായും ദ്രാവകം ചെറിയ കുപ്പിയിൽ 100 മില്ലിയായും കിട്ടും. 100 ഗ്രാം പൊടിക്കും 100 മില്ലി ദ്രാവകത്തിനും കൂടി 200 രൂപയാണു വില. പത്തു ലിറ്റർ കള്ള് 100 മില്ലിഗ്രാം ദ്രാവകത്തിലൂടെ ഉണ്ടാക്കാം. പത്തു ലിറ്റർ വ്യാജകള്ളിന് 200 രൂപയേ ചെലവ് വരൂ എന്ന് ചുരുക്കം. വിറ്റാൽ 1000 ലധികം രൂപ കിട്ടുകയും ചെയ്യും. ഇതിൽ കൂടുതൽ വെള്ളം ചേർത്താൽ 20 ലിറ്ററാക്കി മാറ്റാം. അപ്പോൾ ലാഭം രണ്ടായിരം രൂപ. ഇതാണ് വ്യാജകള്ള് വില്ക്കാൻ ഷാപ്പുകാരെ പ്രേരിപ്പിക്കുന്ന ഘടകം.