കോട്ടയം: സപ്ലൈകോയുടെ വീഴ്ച കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും നെൽകർഷകരെ വെള്ളം കുടിപ്പിക്കുന്നു. പി.ആർ.എസ് രസീതുകൾ പ്രകാരം കർഷകർക്ക് ബാങ്കുകൾ നൽകുന്ന തുക യഥാസമയം സപ്ളൈകോ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധി ക്ക് കാരണം. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് ബാങ്കുകൾ നൽകിയത് 1400 കോടി രൂപയാണ്. എന്നാൽ ഈ തുക കാലാവധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചില്ല. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വിലയ്ക്കു പകരം നൽകുന്ന പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) ബാങ്കിലെത്തിച്ചാൽ ബാങ്കുകാർ ആ പണം അനുവദിക്കുകയും പിന്നീട് സപ്ളൈകോ ബാങ്കുകൾക്ക് തുക തിരിച്ചു നൽകുകയുമാണ് ചെയ്തിരുന്നത്. പക്ഷേ സപ്ളൈകോ വീഴ്ച വരുത്തിയതോടെ നിലവിൽ ബാങ്കുകാർ വായ്പ ഇനത്തിൽപ്പെടുത്തിയാണ് കർഷകർക്ക് പണം നൽകുന്നത്. ഇതിന് പലിശ ഈടാക്കാനുള്ള നടപടികളിലേക്ക് ബാങ്ക് അധികൃതർ കടന്നതാണ് തിരിച്ചടിയാകുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തിക്കുകയും, കാർഡുടമകൾ വിരലടയാളം പതിച്ച് റേഷൻ വാങ്ങുകയും ചെയ്താൽ മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾ അരി വാങ്ങുന്നതിന്റെ അളവ് കുറഞ്ഞാൽ അത് അനുസരിച്ചുള്ള തുകയായിരിക്കും കേന്ദ്രവിഹിതമായി ലഭിക്കുക. ഇതും പി.ആർ.എസ് വായ്പ തിരിച്ചടവിൽ തിരിച്ചടിയായി. കടംവാങ്ങിയും സ്വർണ്ണം പണയംവച്ചുമാണ് പലരും രംഗത്തിറങ്ങിയത്. തുക ലഭിച്ചില്ലെങ്കിൽ വീണ്ടും കാര്യങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങും.

കഴിഞ്ഞ രണ്ട് സീസണിൽ നെല്ലുവിറ്റതിന്റെ പണം ഇതുവരെ കർഷകർക്കു ലഭിച്ചിട്ടില്ലാത്ത സാഹചാര്യത്തിൽ പുഞ്ചക്കൃഷി ഇറക്കാൻ പലരും ബുദ്ധിമുട്ടുകയാണ്. പമ്പിംഗ് സബ്‌സിഡി, പ്രൊഡക്ഷൻ ബോണസ്, ഹാൻഡിലിംഗ് ചാർജ് എന്നിവയെല്ലാം കർഷകരുടെ കൈയിലെത്താൻ കാലതാമസം ഏറെയാണ്. 2015-16 ലെ പ്രൊഡക്ഷൻ ബോണസാണ് 2020ൽ നൽകാൻ പോകുന്നതെന്ന് കർഷകർ പറയുന്നു. ഒരു ക്വിന്റൽ നെല്ല് കൊയ്ത് വാഹനത്തിൽ എത്തിക്കാൻ 12 രൂപയാണ് ഹാൻഡിലിംഗ് ചാർജായി നൽകുന്നത്. എന്നാൽ കർഷകർക്ക് 100 രൂപവരെ ചെലവു വരുന്നുണ്ട്.

 തീരാത്ത ദുരിതങ്ങൾ

ഇടിവെട്ടിയവന്റെ തലയിൽ പാമ്പു കടിച്ചു എന്ന ചൊല്ലുപോലെയാണ് കുട്ടനാട്ടിലെ കർഷകരുടെ അവസ്ഥ. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരുകർഷകന് കൈവശം വയ്ക്കാവുന്ന ഭൂപരിധി അഞ്ച് ഏക്കറാണ്. ഇതിൽ കൂടുതൽ നെൽക്കൃഷി ചെയ്യണമെങ്കിൽ പാട്ടക്കൃഷിയുടെ മാർഗം സ്വീകരിക്കണം. 50 ഏക്കറിൽ കൃഷി ഇറക്കണമെങ്കിൽ ആ കുടുംബത്തിന് 10 പേരെ കണ്ടെത്തണം. പലപ്പോഴും കൃഷിയുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരിലാണ് കൃഷിചെയ്യാറുള്ളത്. പി.ആർ.എസ് പ്രകാരം ഇവരുടെ അക്കൗണ്ടിലേക്കാകും ബാങ്കുകൾ പണം നൽകുന്നത്. യഥാർത്ഥ കർഷകനു തുക ലഭിക്കണമെങ്കിൽ ഇവർ അക്കൗണ്ടിൽ നിന്ന് എടുത്ത് നൽകണം. 75 വയസുള്ളവർക്ക് പി.ആർ.എസ് വഴി ബാങ്ക് പണം കൊടുക്കണമെങ്കിൽ ആൾ ജാമ്യവും വേണം. തൊഴിലാളികളുടെ വേതനവും മറ്റും നൽകിക്കഴിഞ്ഞാൽ കിട്ടുന്ന തുക ഒന്നിനും തികയാത്ത അവസ്ഥയിലാണ് കർഷകർ. ഇതിനിടയിലാണ് കർഷകർ ബാങ്കുകൾക്ക് പലിശനൽകേണ്ട ഗതികേടിലായത്.

ചുരുക്കത്തിൽ...

ഒരുകിലോ നെല്ലിന്റെ വില 26.95 രൂപ. ഇത് മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടിയ വിലയാണെങ്കിലും അവിടങ്ങളിൽ കൃഷിച്ചെലവ് കുറവെന്ന് കർഷകർ പറയുന്നു.

കർണാടകയിലും തമിഴ്‌നാട്ടിലും സ്ത്രീ തൊഴിലാളികൾക്ക് വേതനം 200 രൂപയിൽ താഴെയാണ്. പുരുഷൻമാർക്ക് 300 രൂപയും. എന്നാൽ കേരളത്തിൽ ഇത് യഥാക്രമം 500 ഉം 900വുമാണ്.