ചിത്രകാരനായ അച്ഛൻ, മകനെ കളരി പഠിപ്പിക്കാനയച്ചതിന് ഒരു കാരണമുണ്ട്. പാവത്താൻ കുട്ടിയെ സ്കൂളിൽ കൂട്ടുകാരെല്ലാം ഉപദ്രവിക്കും. എന്നും വീട്ടിൽ കരഞ്ഞുവരുന്ന മകനെ കളരിപഠിപ്പിക്കാതെ മറ്റു മാർഗമില്ലായിരുന്നു. കളരിക്ളാസുകൾ അച്യുതന് സമ്മാനിച്ചത് മാമാങ്കമെന്ന ചരിത്രസിനിമയിൽ അഭിനയിക്കാനുള്ള സൗഭാഗ്യമാണ‌്. ഉടനീളം ത്രസിപ്പിക്കുകയും അവസാനം പ്രേക്ഷകരുടെ മനസിൽ നനവ് പടർത്തുകയും ചെയ്ത ചന്ദ്രോത്ത് ചന്തുണ്ണി. ചന്ദ്രോത്ത് ചന്തുണ്ണിയെ അവിസ്മരണീയമാക്കിയ അച്യുതൻ ബി. നായർ പുതുപ്പള്ളി സ്വദേശിയാണ‌്.

സംസ്ഥാനത്തെ മുഴുവൻ കളരി കേന്ദ്രങ്ങളിലും ഒരു വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ‌് അച്യുതനെ മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ കണ്ടെത്തിയത്. പുതുപ്പള്ളിയിലെ ഓഡിഷനിൽ അച്യുതനെ കണ്ടപ്പോഴേ സംവിധായകൻ പത്മകുമാറിന്റെ മുഖം തെളിഞ്ഞു.

 2 വർഷം വിട്ടുനിന്നു

മാമാങ്കത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് വർഷം വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. സ്കൂളിൽ പോകാതെ അച്ഛനെയും അമ്മയെയും അനിയത്തിയും കാണാതെ ആദ്യം നരകതുല്യമായി തോന്നി. പക്ഷേ,​വൈകാതെ സാഹചര്യവുമായി പൊരുത്തപ്പെട്ടു.

 മറ്റൊരു അച്യുതൻ

മാമാങ്കിന്റെ ഭാഗമായി കോഴിക്കോട് താമസിച്ചാണ് കളരി ആഴത്തിൽ പഠിച്ചത്. വാളും പരിചയും ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ മനസിലാക്കി. മുടി നീട്ടി വളർത്തി. യോഗ ശീലമാക്കി. നിരന്തരമുള്ള ഗ്രൂമിംഗ് കൂടിയായപ്പോൾ വ്യക്തിത്വം തന്നെ മാറി.

ആദ്യം പേടി

സാഹസിക ഇനങ്ങൾ ചെയ്യുമ്പോൾ പേടി തോന്നി. പിന്നീട് ശീലമായി. കൂറ്റൻ ക്രെയിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് ചാടി അഭിനയിച്ചു. എല്ലാത്തിനും ക്രൂ മുഴുവൻ സപ്പോർട്ടായിട്ടുണ്ടായിരുന്നു.

മമ്മൂട്ടി

ഇത്രയും വലിയ നടന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോഴേ പേടിയുണ്ടായിരുന്നു. പക്ഷേ,​ അച്ഛൻ കൂടെ നിന്നു. മമ്മൂട്ടിസാർ ഒരുപാട് ടിപ്സ് പറഞ്ഞു തന്നു. എന്നും പുഷ് അപ് എടുക്കാൻ പറഞ്ഞു. അതിന്റെ വീഡിയോ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അത്രയ്ക്ക് ഡെഡിക്കേറ്റഡാണ‌്. പുലർച്ചെ വരെ ഷൂട്ടിംഗ് നീണ്ടാലും പിറ്റേന്ന് രാവിലെ മമ്മൂട്ടിസാർ സെറ്റിലുണ്ടാവും.

അദ്ധ്യാപകരുടെ പിന്തുണ

രണ്ട് വർഷം ക്ളാസിൽ വരാൻ കഴിയില്ലെന്ന് അദ്ധ്യാപകരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് നീ പഠിച്ച് പരീക്ഷ എഴുതിയാൽ മതിയെന്നാണ‌്. ഷൂട്ടിംഗിന്റെ ഇടവേളകളിൽ ആണ് പഠിച്ചത്. പരീക്ഷയിൽ നല്ല മാർക്കോടെ പാസാവാനായി. എന്റേത് സർപ്രൈസ് കഥാപാത്രമായതിനാൽ ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ സ്കൂൾ മാറിപ്പോയെന്നാണ‌് കൂട്ടുകാരോട് പോലും പറഞ്ഞത്. പോസ്റ്റർ ഇറങ്ങിയപ്പോഴാണ് ഞാൻ അഭിനയിക്കുന്ന കാര്യം പലരും അറിഞ്ഞത്.

പെൺകുട്ടിയെന്ന് കരുതി

ഞാൻ പെൺകുട്ടിയാണെന്നാണ് എല്ലാവരും കരുതിയത്. ഉടുപ്പെടുക്കാൻ കടയിൽച്ചെന്നപ്പോൾ പെൺകുട്ടികളുടെ സെക്ഷനിലേയ്ക്ക് പറഞ്ഞയച്ചിട്ടുണ്ട്. ഒരു ചാനലിൽ ഇന്റർവ്യൂവിന് ചെന്നപ്പോൾ ലിപ്‌സ്റ്റിക്കിട്ട് മേക്കപ്പ് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ.

നല്ല അഭിപ്രായം

മാമാങ്കം കണ്ടിട്ട് ആദ്യംവിളിച്ചത് നടി കനിഹയാണ്‌ പിന്നീട് ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു. നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും.

കുടുംബം

പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്കൂൾ ആറാം ക്ളാസുകാരനായ അച്യുതന്റെ അച്ഛൻ ബാലഗോപാൽ പത്രത്തിൽ ആർട്ടിസ്റ്റാണ്. അമ്മ ശോഭ. കെ.എസ്.ആർ.സി കോട്ടയം ഡിപ്പോയിലാണ് ജോലി. അനിയത്തി അരുന്ധതി.