കോട്ടയം: മോഷ്‌ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ലഹരി മരുന്നു കടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. ബൈക്ക് മോഷ്‌ടിച്ച കേസിൽ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് ലഹരിക്കടത്ത് വ്യക്തമായത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്ത് പനച്ചിപ്പള്ളി പൂന്നതാനം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തലശേരി പിലാക്കൂർ മാരിഅമ്മൻ കോവിലിന് സമൂപം റാബിയ നഗർ ഇൻസമാം ഉൾ ഹഖ് (23), കായംകുളം കീരിക്കാട്ട് ഭാഗം ഷമീർ മൻസിലിൽ ഷെമീർ (32) എന്നിവരെയാണ് ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.എസ് റെനീഷ് പിടികൂടിയത്. നാഗമ്പടം സംക്രാന്തിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക്, അട്ടപ്പാടി ഷോളയാറിൽ നിന്നുള്ള ബുള്ളറ്റ്, കോഴിക്കോട് കസബ സ്‌റ്റേഷൻ പരിധിയിലെ ഒരു ആഡംബര ബൈക്ക് എന്നിവയും പ്രതികളിൽ പിടിച്ചെടുത്തിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകളിൽ ഗോവയിൽ എത്തിയ ശേഷം അവിടെ നിന്നും വീര്യം കൂടിയ ലഹരിമരുന്നുകൾ കടത്തുകയായിരുന്നു പതിവ്. കുമാരനല്ലൂരിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംക്രാന്തിയിലെ ബൈക്ക് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഈ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലെത്തിച്ചത്.
ഈ പ്രതികളുടെ നേതൃത്വത്തിൽ ലഹരി ഇടപാടുകാരെ കണ്ടെത്തുന്നതിനായി വർഷത്തിലൊരിക്കൽ ഗോവയിൽ പ്രത്യേക പാർട്ടി നടത്താറുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.