കോട്ടയം: കുമാരനല്ലൂരിലും പരിസരങ്ങളിലും ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള മോഷണം അതിരൂക്ഷമായി തുടരുന്നു. ഒരു മാസത്തിനിടെ പന്ത്രണ്ട് സ്ഥലങ്ങളിലാണ് മോഷണം നടന്നത്. കുമാരനല്ലൂർ ഇലവനാൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലുമാണു മോഷണം നടന്നത്. രണ്ടിടത്തും കാണിക്ക വഞ്ചി തകർക്കുകയും, ഇലവനാൽ ക്ഷേത്രത്തിൽ നിന്നു മാലയും കാത്തളയും മോഷ്ടിക്കുകയും ചെയ്തു. നട്ടാശേരി ഹോളി ഫാമിലി പള്ളിയിലെ ഗ്രോട്ടോയുടെ ചില്ലും കഴിഞ്ഞ രാത്രിയിൽ തകർത്തു.

എസ്.എൻ.ഡി.പി യോഗം സംക്രാന്തി ശാഖയിലെ പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് മോഷ്‌ടാവ് തകർത്തത്. ഇവിടെ എത്തിയ ശേഷം കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിത്തകർത്ത് പണം അപഹരിച്ചു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ഭക്‌തയാണ് മോഷണം നടന്ന വിവരം കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ ഇവർ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെയാണ് ഇലവനാൽ ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം അറിയുന്നത്. ഇവിടെയും കാണിക്ക വഞ്ചി തകർത്തിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന വെള്ളിയിൽ തീർത്ത തള കവർന്നു. മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. ശ്രീകോവിലിന്റെ ഓടിളക്കി ഇറങ്ങാൻ ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതിനെത്തുടർന്നു വാതിലിന്റെ ഇരുമ്പു ഗ്രില്ല് അറുത്തു മാറ്റിയാണ് അകത്തു കയറിയത്. ഇതേത്തുടർന്നു ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി.

ഏതാനും കിലോമീറ്റർ അകലെ നട്ടാശേരി ഹോളിഫാമിലി പള്ളിയുടെ സമീപമുള്ള ഗ്രോട്ടോയുടെ ചില്ലും തകർത്തിട്ടുണ്ട്.

ഒരു മാസത്തിനിടെ പത്താം തവണയാണ് കുമാരനല്ലൂരിൽ ക്ഷേത്രത്തിലും വീടിനും നേരെ മോഷണവും മോഷണ ശ്രമവും ഉണ്ടാകുന്നത്. കുമാരനല്ലൂരിൽ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നത് രണ്ടു മാസം മുൻപാണ്. പാറമ്പുഴയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ കയറിയ മോഷ്ടാവ് മോഷണം നടത്തിയത് മൂന്നു മാസം മുൻപായിരുന്നു. കുമാരനല്ലൂർ ക്ഷേത്രത്തിന്റെയും, മദ്രസയുടെയും അടക്കം കാണിക്ക വഞ്ചി തകർത്ത് പണം കവർന്ന കേസിലും ഇതുവരെ പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.