പാലാ: അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിന്റെ നവീകരിച്ച തിയേറ്റർ കോംപ്ലക്‌സിന്റെയും പുതിയ കാത്ത് ലാബിന്റേയും ഡയാലിസിസ് യൂണിറ്റിന്റേയും ഉദ്ഘാടനവും വെഞ്ചരിപ്പും 30ന് വൈകിട്ട് 3ന് നടക്കുമെന്ന് എഫ്.സി.സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കൽ, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഷേർലി ജോസ്, സിസ്റ്റർ ബെൻസി എന്നിവർ അറിയിച്ചു. സമ്മേളന ഉദ്ഘാടനവും ആശീർവാദവും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഒ.റ്റി. കോംപ്ലക്‌സിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും കാത്ത് ലാബിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എയും നിർവഹിക്കും. ലയൺസ് ക്ലബ് ഇന്റർ നാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ മുഖ്യാതിഥിയായിരിക്കും. ലയൺസ് ക്ലബ് 318 ബി. ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ ഷേർലി ജോസ് സ്വാഗതവും സിസ്റ്റർ റോസ്മി വെട്ടിക്കാമറ്റം നന്ദിയും പറയും.