പാലാ: അവധി ദിനമായ ഞായറാഴ്ച കൂടുതൽ വായനക്കാർ എത്തുമ്പോൾ പാലാ നഗരസഭാ വക ലൈബ്രറിക്ക് അവധി ! ശനിയാഴ്ച വൈകിട്ട് അടയ്ക്കുന്ന ലൈബ്രറി പിന്നെ തുറക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് ! വായനയെ പരിപോഷിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പോലും കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വായനക്കാരെത്തുമ്പോൾ വായനശാല അടച്ചിടുന്നത് ശരിയാണോ എന്നു ചോദിക്കുകയാണ് ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. ഞായറാഴ്ചയും ലൈബ്രറി തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം നേതാക്കളായ കെ.കെ. ഷാജി പാലാ, വിമൽ കുമാർ വിളക്കുമാടം, സന്തോഷ് പാറയിൽ, ശിവദാസ് മുത്തോലി, സനീഷ് പാലാ എന്നിവർ ചേർന്ന് ഇന്നലെ പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന് നിവേദനം നൽകി. പാലാ ജനറൽ ആശുപത്രി പടിക്കൽ കൂടി കടന്നു പോകുന്ന റോഡ് സഞ്ചാരയോഗ്യമാക്കുക , മീനച്ചിലാറും, അനുബന്ധ ജലസ്രോതസുകളും ശുദ്ധീകരിക്കുന്നതിന് ബോധവത്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനിസിപ്പൽ ലൈബ്രറിയുടെ കാര്യത്തിൽ അടിയന്തിര തീരുമാനം എടുക്കാമെന്നും, മറ്റ് വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കാമെന്നും മുനിസിപ്പൽ ചെയർപേഴ്‌സൺ ഉറപ്പു നൽകിയതായി ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് കെ.കെ. ഷാജി പാലാ പറഞ്ഞു.