വൈക്കം : ഉദയനാപുരം ശ്രീചാത്തൻകുടി ദേവിക്ഷേത്രത്തിൽ കനകധാരാ യജ്ഞവും ലക്ഷാർച്ചനയും നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 29 മുതൽ ജനുവരി 5 വരെയാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിന്റെയും നാടിന്റെയും ഉന്നമനത്തിനും ഭക്തജനങ്ങളുടെ ശ്രേയസിനും വേണ്ടി നടത്തുന്ന മഹായജ്ഞത്തിൽ ലക്ഷാർച്ചന, കലശപൂജാ, ഹോമങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയാണുണ്ടാവുക. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹം 29 ന് വൈകിട്ട് 5ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ നിന്നും ചാത്തൻ കുടി ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരും.
ചടങ്ങുകളുടെ ഭദ്റദീപപ്രകാശനം 5.30ന് ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ നിർവഹിക്കും. മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, ആമേടമംഗലം ശ്രീധരൻ നമ്പൂതിരി, വൈക്കം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. 30 ന് രാവിലെ 5 ന് സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടത്തുന്ന അഷ്ടദ്റവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. യജ്ഞ ദിവസങ്ങളിൽ നിത്യേന കലശപൂജ നടക്കും. ദിവസവും രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയുമാണ് ലക്ഷാർച്ചനയും കനകധാര യജ്ഞവും. കലശാഭിഷേകം ദിവസവും 11നാണ്. ചടങ്ങിനോടനുബന്ധിച്ച് 31 ന് മഹാമൃത്യൂജ്ഞയ ഹോമം, ജനുവരി 1 ന് നവഗ്രഹ ശാന്തി ഹോമം, 2 ന് മഹാധന്വന്തരി ഹോമം 3 ന് സ്വയംവര പാർവതി പൂജ, 4 ന് മഹാനിശ്വരപൂജ 5 ന് മഹാ സുകൃതഹോമവും എന്നിവ നടത്തും. യജ്ഞ ദിവസങ്ങളിൽ ഉച്ചക്ക് പ്രസാദ ഊട്ടും വൈകിട്ട് അത്താഴ ഊട്ടും ഉണ്ടാവും വിവിധ കലാപരിപാടികളും ഉണ്ടാവും.