aituc

വൈക്കം : ബി. ജെ. പി. സർക്കാർ നേരിടാൻ പോകുന്ന വെല്ലുവിളികളുടെ മുൻവിധിയാണ് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സി. പി. ഐ. ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം. പി. പറഞ്ഞു.
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ 75 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത വ്യവസായ രംഗത്തെക്കുറിച്ച് നടത്തിയ ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായ മേഖലകൾ തകർച്ചയിലും തളർച്ചയിലുമാണ്. ഈ മേഖലയുടെ സംരക്ഷണത്തിന് തൊഴിലാളി സംഘടനകൾ ഒ​റ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള സമരത്തിൽ തൊഴിലാളി വർഗ്ഗം ഒ​റ്റക്കെട്ടായി അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു. എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി അഡ്വ. വി. ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. ടി. യു. സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, സി. ഐ. ടി. യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, കർഷകതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. കൃഷ്ണൻ, ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. രമേശൻ, കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. വി. സത്യനേശൻ, എ. ഐ. ടി. യു. സി. ജില്ലാ കൗൺസിൽ സെക്രട്ടറി വി. കെ. സന്തോഷ്‌കുമാർ, സി. കെ. ആശ എം. എൽ. എ., ബി. കെ. എം. യു. ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ്, എ. ഐ. ടി. യു. സി. മണ്ഡലം സെക്രട്ടറി കെ. എസ്. രത്‌നാകരൻ, കെ. ഡി. വിശ്വനാഥൻ, എം. ഡി. ബാബുരാജ്, പി. സുഗതൻ എന്നിവർ പ്രസംഗിച്ചു.