വാഴൂർ: സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന നിർദ്ധനരായ വയോജനങ്ങൾക്ക് ആശ്രയമായി വാഴൂരിൽ പുണ്യം ട്രസ്റ്റ് നിർമ്മിച്ച 'വാനപ്രസ്ഥ"കേന്ദ്രം 26ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1.45ന് നടക്കുന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ആർ. സുകുമാരൻ നായർ അദ്ധ്യക്ഷനാകും. തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും.
പകൽവീടിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും എം.ഡിയുമായ മധു എസ്. നായർ നിർവഹിക്കും. ആർ.എസ്.എസ് പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. യോഗാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്പ്യാർഡ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ നിർവഹിക്കും. ഡോ.എൻ. ജയരാജ് എം.എൽ.എ ആദരിക്കൽ നിർവഹിക്കും.
കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് മന്ദിരത്തിന്റെ ആദ്യഘട്ട നിർമ്മാണം. 10,362 സ്‌ക്വയർഫീറ്റിൽ രണ്ട് നിലകളിലായി 16 മുറികൾ ഉണ്ട്. 1.55 കോടി രൂപ നിർമ്മാണത്തിന് ചെലവായി. പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയാകുന്നത്.
5സിംഗിൾ റൂം, 7ഡബിൾ റൂം,3 പേർക്ക് വീതം താമസിക്കാവുന്ന 3 മുറികളുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ 25 പേർക്ക് താമസ സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. യോഗമെഡിറ്റേഷൻ ഹാൾ, 150 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ഒരേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. സത്സംഘം, വായനശാല, മറ്റ് വിനോദ സൗകര്യം, പൂന്തോട്ടം, ആദ്ധ്യാത്മിക ക്ലാസുകൾ എന്നിവയെല്ലാം വാനപ്രസ്ഥ കേന്ദ്രത്തിലുണ്ട്. സമീപത്തെ വയോജനങ്ങൾക്കായി പകൽവീടും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ആർ. സുകുമാരൻ നായർ, ജനറൽ സെക്രട്ടറി കെ.എസ്. ശിവപ്രസാദ്, പുണ്യം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ. അനിൽകുമാർ, സെക്രട്ടറി കെ.എസ്. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.