കോട്ടയം: കായൽ ടൂറിസം മാത്രമായി സഞ്ചാരികളെ മടുപ്പിച്ച് കുമരകം നിൽക്കുമ്പോൾ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് സമീപ പഞ്ചായത്തായ അയ്മനം.

കുമരകം കവണാറ്റിൻകര പാലം മുതൽ ചീപ്പുങ്കൽ വരെ അയ്മനം പഞ്ചായത്തിന്റെ ഭാഗമാണ് .ഇവിടെ കുമരകത്തെപ്പോലെ റിസോർട്ടും കുറവാണ്. എന്നാൽ നിരവധി ആറുകളും തോടുകളും നെൽവയലുകളുമുണ്ട്. ഇവ പ്രയോജനപ്പെടുത്തി ടൂറിസം രംഗത്ത് കുമരകത്തെ കവച്ചു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്മനം.

കുമരകം പോലെ അയ്മനവും ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി സർക്കാർ പ്രഖ്യാപിക്കുകയാണ് . ഇതിന്റെ വീഡിയോ പ്രൊമോഷൻ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു .വേമ്പനാട്ടു കായൽ മുഖമായ ചീപ്പുങ്കലിൽ നോക്കെത്താദുരം ആമ്പൽ പടർന്നു കിടന്നത് ആമ്പൽ ടൂറിസം ഫെസ്റ്റാക്കി മാറ്റാൻ അയ്മനത്തിനു കഴിഞ്ഞു .കാശ്മീർ തടാകത്തിലെപ്പോലെ ശിക്കാര വള്ളങ്ങളിൽ ആമ്പലിന്റെ സൗന്ദര്യം നുകരുന്ന ഫെസ്റ്റിവൽ ക്ലിക്ക്ഡായി. കുമരകത്ത് പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലെന്ന പരാതി നിലനിൽക്കെ, ചീപ്പുങ്കലിൽ സഞ്ചാരികൾക്കായി സഞ്ചരിക്കുന്ന ഇ ടോയ്ലറ്റ് സംവിധാനമാണൊരുക്കിയിട്ടുള്ളത് . കൺവെൻഷൻ സെന്റർ, ഇൻഡോർ സ്റ്റേഡിയമടക്കം ചീപ്പുങ്കലിൽ കോടികൾ ചെലവഴിച്ചുള്ള വൻ വികസന പദ്ധതികളാണ് വരുന്നത്.മാലിക്കായൽ, വലിയ മടക്കുഴി തടാകം തുടങ്ങിയ പ്രദേശങ്ങളുടെ ടൂറിസ സാദ്ധ്യത കണക്കിലെടുത്ത് ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, ബോട്ടിംഗ്, കുട്ടികൾക്കായുള്ള പാർക്ക് അടക്കം സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന വലിയ വികസനമാണ് നടപ്പാക്കുക. കവണാറ്റിൻകര ബോട്ട് ജെട്ടി ടൂറിസം ജെട്ടിയായി മാറ്റുന്നതാണ് മറ്റൊരു പദ്ധതി.നിരവധി പാടശേഖരമുൾപ്പെടുന്ന പ്രദേശമാണ് അയ്മനം. ഉത്തരവാദിത്വ ടൂറിസത്തിനൊപ്പം ഫാം ടൂറിസം പ്രോത്സാഹിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാനും ആലോചനയുണ്ട്.