പാലാ: ചക്കാമ്പുഴ ഗവ. യു.പി.സ്‌കൂളിന്റെ പരാധീനതകൾക്ക് പരിഹാരവുമായി മാണി. സി. കാപ്പൻ. എം.എൽ.എ. 1.54 കോടി രൂപയാണ് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി എം.എൽ.എ അനുവദിച്ചത്. രാമപുരം പഞ്ചായത്തിലെ ഏക ഗവ. യു പി സ്‌കൂളായ ചക്കാമ്പുഴ സ്‌കൂളിന്റെ അവസ്ഥ അത്യന്തം ശോചനീയമായിരുന്നു. 25 വർഷങ്ങൾക്ക് മുമ്പ് ഈ സ്‌കൂളിന്റെ പടിയിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ 'നാരങ്ങാ മിഠായി 'എന്നു പേരിട്ട സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു തുക അനുവദിക്കുന്ന കാര്യം എം.എൽ.എ പ്രഖ്യാപിച്ചത്. സ്‌കൂളിന്റെ അവസ്ഥകൾ നേരിട്ടു കണ്ടറിഞ്ഞ, അദ്ദേഹം തന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 4 ലക്ഷവും ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 1 കോടി 50 ലക്ഷവും അനുവദിക്കുകയുമായിരുന്നു. രാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, വൈസ് പ്രസിഡന്റും സ്‌കൂൾ ഇരിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പറുമായ ജമനി സിന്നി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ് എന്നിവരുടെ കൂട്ടായശ്രമഫലമായി സ്കൂളിന്റെ തകർന്നുവീണു കൊണ്ടിരുന്ന താഴത്തെ ഷെയ്ഡുകൾ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിച്ചിരുന്നു. എന്നാൽ സ്കൂളിന്റെ പ്രധാന പ്രശ്നങ്ങൾ പിന്നെയും ബാക്കിയായിരുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരമായി എം.എൽ.എ തുക അനുവദിച്ചത് ഏറെ പ്രതീക്ഷയോടെയാണ് അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും നോക്കികാണുന്നത്.
നിമിത്തമായത് പൂർവ വിദ്യാർത്ഥികൾ
25 വർഷങ്ങൾക്കു ശേഷം അവർ വീണ്ടും ഒത്തുകൂടിയത് മാതൃവിദ്യാലയത്തെ പഴയ കാല പ്രതാപത്തിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിനു നാന്ദി കുറിക്കാനുള്ള നിമിത്തമായി. സ്‌കൂൾ വികസനത്തിനു വേണ്ടിയുള്ള വിവിധ മാർഗങ്ങളുടെ അന്വേഷണത്തിലായിരുന്നു വാർഡ് മെമ്പർ ജമിനി സിന്നിയും എ.ഇ. ഒ. രമാദേവിയും, രാമപുരം ബി.പി.ഒ. ജി. അശോക് കുമാറും. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി രാജേഷ് ശ്രീഭദ്രയുടെ നേതൃത്വത്തിൽ ഇവിടുത്തെ അദ്ധ്യാപകരും പിന്തുണയുമായി ഒപ്പം കൂടി. ഇവർക്ക് പിന്തുണയുമായി ഗിരീഷ് കൃഷ്ണൻ, സുജിത്ത്.പി. അനിൽ. പി. രതീഷ് ജോസ് ,അജോ ജോൺ, ജോസ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 1994 ബാച്ച് വിദ്യാർത്ഥികളെത്തിയത് വഴിത്തിരിവായി. സ്‌കൂളിന്റെ വികസന പ്രവർത്തനത്തിന് 1 കോടി 54 ലക്ഷം രൂപ അനുവദിച്ച എം.എൽ.എ. യ്ക്കും അതിന് നിമിത്തമായ പൂർവവിദ്യാർത്ഥികൾക്കും വേണ്ടി സ്റ്റാഫ് സെക്രട്ടറി രാജേഷ്.ശ്രീഭദ്ര നന്ദി പറഞ്ഞു. സമ്മേളനത്തിനു ശേഷം സ്‌നേഹവിരുന്നും കലാസന്ധ്യയും നടന്നു.