കോട്ടയം: കർണ്ണാടകയിൽ നെല്ല് ഉത്പാദനം കുറഞ്ഞതോടെ കേരളത്തിൽ അരി വില റോക്കറ്റ് പോലെ കുതിച്ചു. ഒറ്റ മാസം കൊണ്ട് ഒൻപതു രൂപയാണ് വർദ്ധിച്ചത്. വീണ്ടും വിലക്കയറ്റമുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. അൻപതിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് കുത്തരി വില.
മൊത്ത വിപണിയിൽ കുത്തരിയ്‌ക്ക് 44 രൂപയാണ് . ചില്ലറ വിപണിയിൽ എത്തുമ്പോൾ 47 മുതൽ 49 വരെയാവും . പ്രത്യേക ബ്രാൻഡിൽ പാക്കറ്റുകളിലാക്കി എത്തുന്ന അരിയാണെങ്കിൽ വിലയിൽ ഒന്നര രൂപയുടെ വരെ വർധന ഉണ്ടാകാം.
കുത്തരി എത്തുന്നത് കർണ്ണാടകയിലെ ഷിമോഗ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ്.
ഇവിടെ കഴിഞ്ഞ സീസണിൽ അനുഭവപ്പെട്ട കടുത്ത ചൂടാണ് പ്രശ്നമായത് . ഇതോടെ വെള്ളം ലഭിക്കാതായി. നെല്ല് ഉത്‌പാദനം ഗണ്യമായി കുറയുകയും ചെയ്‌തു. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കുത്തരിയുടെ ഉത്‌പാദനത്തെ ഇത് സാരമായി ബാധിച്ചു. ഇപ്പോൾ കോട്ടയം അടക്കമുള്ള ജില്ലകളിൽ ജയ അരിയും പ്രിയപ്പെട്ടതായിട്ടുണ്ട്. അതേസമയം, മറ്റിനം അരികൾക്ക് കാര്യമായ വില വർദ്ധന ഉണ്ടായിട്ടില്ല. ജയ, സുരേഖ അരികളുടെ വില 37- 39 രൂപയിൽ നിൽക്കുകയാണ്. പച്ചരി വിലയിലും വർദ്ധനവില്ല, 26 രൂപ മുതൽ 35 രൂപ വരെയുള്ള വിവിധ തരം പച്ചരി മാർക്കറ്റിൽ ലഭ്യമാണ്.
റേഷൻ കുത്തരി
റേഷൻ കടകൾ വഴിയുള്ള കുത്തരി വിതരണവും താളം തെറ്റി. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലു കുത്തിയ അരിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ പലയിടത്തും ഇത് എത്തിയിട്ടില്ല.