പൊൻകുന്നം :പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-പാലാ റൂട്ടിൽ അഭൂതപൂർവമായ തിരക്ക്. അയ്യപ്പന്മാരുടെവാഹനങ്ങൾ ഇടമുറിയാതെ ഒഴുകിയെത്തുന്നതും ക്രിസ്മസ് അവധി തുടങ്ങിയതോടെ വിപണി ഉണരുകയും ചെയ്തതോടെ പൊൻകുന്നത്ത് തിരക്കുമൂലം ഗതാഗതനിയന്ത്രണം താറുമാറായി.
എരുമേലിയിലും പമ്പ റൂട്ടിലും തിരക്കേറിയതോടെ ഇളങ്ങുളത്ത് പൊലീസ് ഇടപെട്ട് അയ്യപ്പന്മാർക്ക് നിയന്ത്രണമേർപ്പെടുത്തി. ധർമ്മശാസ്താ ക്ഷേത്രമൈതാനത്ത് വാഹനങ്ങൾ പിടിച്ചിട്ട് വിശ്രമിച്ചിട്ട് പോകാൻ തീർത്ഥാടകരെ ഉപദേശിക്കുകയായിരുന്നു പൊലീസ്. ഇതനുസരിച്ച് അയ്യപ്പന്മാർ മൈതാനത്ത് ഏറെനേരം വിരിവെച്ച് വിശ്രമിക്കുകയും അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ ചിലർ ഭക്ഷണം സ്വയം പാചകം ചെയ്യുകയുമായിരുന്നു. പൊലീസ് നിർദ്ദേശമനുസരിച്ചാണ് ഇളങ്ങുളത്തുനിന്നും തീർത്ഥാടകവാഹനങ്ങൾ പുറപ്പെട്ടത്.
പൊൻകുന്നത്ത് അയ്യപ്പന്മാർ എരുമേലിയിലേക്ക് വഴിതിരിയുന്ന കെ.വി.എം.എസ്.ജംഗ്ഷനിലും ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന ചിറക്കടവ് ജംഗ്ഷനിലുമാണ് കഴിഞ്ഞ രണ്ടുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇവിടങ്ങളിൽ ഗതാഗതനിയന്ത്രണത്തിന് കൂടുതൽ പൊലീസിനെ നിയോഗിച്ചെങ്കിലും തിരക്ക് പലപ്പോഴും നിയന്തണാതീതമായി.മണ്ഡലപൂജയും ക്രിസ്മസ്സും പ്രമാണിച്ച് വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.