കോട്ടയം: പഞ്ചായത്തിന്റെ വണ്ടി അമിത വേഗത്തിൽ ഓടിക്കുകയും, വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയും ചെയ്‌ത പഞ്ചായത്ത് ഡ്രൈവറെ സസ്‌പെന്റ് ചെയ്‌തു. പനച്ചിക്കാട് പഞ്ചായത്തിലെ ഡ്രൈവർ പി.പി ബിജുമോനെയാണ് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്‌തത്. നീർച്ചാലുകൾ മാലിന്യ മുക്തമാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന വാഹനം ഇയാൾ അമിത വേഗത്തിൽ ഓടിക്കുകയായിരുന്നു. അമിത വേഗത്തിൽ അപകടകരമായി വാഹനം ഓടിച്ചതിനെ സി.പി.എമ്മിന്റെ വനിതാ പഞ്ചായത്തംഗം തന്നെ ചോദ്യം ചെയ്‌തു. ഇതോടെ ഇയാൾ ഇവരെ അസഭ്യം പറയുകയായിരുന്നു. ഇതു സംബന്ധിച്ചു സി.പി.എം പഞ്ചായത്തംഗം ഡ്രൈവർക്ക് എതിരായ പരാതി പ്രമേയമായി പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ അംഗങ്ങളുടെ പിൻതുണയോടെ വനിതാ പഞ്ചായത്തംഗം ബിജുവിനെതിരെ പരാതി രേഖാമൂലം എഴുതി നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇയാളെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്‌തത്. മുൻപും ബിജുവിനെതിരെ പഞ്ചായത്ത് അംഗങ്ങൾ രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റിനു പരാതി നൽകിയിരുന്നു. എന്നാൽ, ഓരോ തവണയും പരാതി നൽകുമ്പോഴെല്ലാം പരാതിക്കാരായ പഞ്ചായത്തംഗങ്ങളുടെ കാലുപിടിച്ചാണ് ഇയാൾ നടപടിയിൽ നിന്നും ഒഴിവായിരുന്നത്.