alan

അയർക്കുന്നം: നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിൽ ഇടിച്ച് എട്ടാം ക്ലാസുകാരൻ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. അയർക്കുന്നം വാക്കത്തിക്കല്ലേൽ ബിജുവിന്റെ മകൻ അലനാ (14 ) ണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ശ്രീജനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം -തിരുവഞ്ചൂർ റോഡിൽ റീത്ത് പള്ളിക്കു സമീപം ഇന്നലെ വൈകിട്ട് ആറരയ്‌ക്കായിരുന്നു അപകടം. ഇടവഴിയിൽ നിന്നും റോഡിലേയ്ക്ക് കയറുന്നതിനിടെ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ തടി കയറ്റിയെത്തിയ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല.
അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അലൻ. അമലയാണ് സഹോദരി .അയർക്കുന്നം പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മാതാവ് ബിന്ദു.