കോട്ടയം: സൂര്യഗ്രഹണ സമയത്ത് നാളെ എല്ലാ ക്ഷേത്രങ്ങളും അടയ്ക്കുമ്പോൾ തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രത്തിൽ മാത്രം പൂജ മുടങ്ങില്ല . ഇവിടുത്തെ വിഗ്രഹത്തെ ഗ്രഹണം ബാധിക്കില്ലെന്നാണ് വിശ്വാസം. എന്നാൽ ഗ്രഹണസമയത്ത് ക്ഷേത്ര ഗോപുരം അടയ്ക്കും. ആ സമയത്ത് അകത്തുള്ളവരെ പുറത്തു വിടില്ല. പുറത്തു നിന്ന് ആരെയും കയറ്റുകയുമില്ല. കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. നല്ല വിശപ്പ്. നിവേദ്യം മുടങ്ങരുത്. ഗ്രഹണമല്ല, അതിനേക്കാൾ വലുതെന്തെങ്കിലും സംഭവിച്ചാലും. പുലർച്ചെ രണ്ടുമണിക്ക് പള്ളിയുണർത്തും. രണ്ടരയ്ക്ക് നടതുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. കൃത്യസമയത്ത് നിവേദിച്ചില്ലെങ്കിൽ ഭഗവാന്റെ അരമണി ഊർന്നു പോകുമെന്നാണ് സങ്കൽപ്പം.അഷ്ട കോണുകളിൽ സൂര്യരശ്മി പതിക്കുന്നതിനനുസരിച്ചാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ. കൃത്യനിഷ്ഠയ്ക്കാണ് പ്രാധാന്യം. നിവേദ്യങ്ങൾ കൃത്യമായി നടക്കേണ്ടതുണ്ട്. പുലർച്ചെ മേൽശാന്തിക്കോ മറ്റു പൂജാരിമാർക്കോ നട തുറക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ബലം പ്രയോഗിച്ച് ആർക്കും നടതുറക്കാൻ അനുമതിയുണ്ട്. അതിനായി നാലമ്പലത്തിന്റെ ഭിത്തിയിൽ മഴു വച്ചിട്ടുണ്ട്.