കോട്ടയം : ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യനെ ഒന്നായി കാണാൻ പഠിപ്പിച്ച ഋഷീശ്വരനാണ് ശ്രീനാരായണ ഗുരുദേവനെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ സൂക്തകങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ വേണമെന്ന് ഗുരുദേവൻ പഠിപ്പിച്ചു. അഷ്ടലക്ഷ്യങ്ങൾ അനുഷ്ഠിച്ച് ഉത്തമ മനുഷ്യനാകാനുള്ള മഹാചര്യയ്ക്ക് കൂടിയാണ് ശിവഗിരി തീർത്ഥാടനം ലക്ഷ്യമിടുന്നത്. ദൈവ ഭക്തിയാണ് എല്ലാത്തിനും അടിസ്ഥാനം. ഏത് മതത്തിൽപ്പെട്ടയാളും ദൈവ നിയന്ത്രണത്തിൽ ജീവിക്കണമെന്ന് കൂടിയാണ് ഗുരുദേവൻ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ തീർത്ഥാടന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും, വൈസ് പ്രസിഡന്റ് വി.എം.ശശി നന്ദിയും പറഞ്ഞു. ധർമ്മപതാക സ്വാമി ധർമചൈതന്യ കൈമാറി.