വൈക്കം: ജീവിത സായന്തനത്തിൽ അംഗങ്ങളുടെ കൈ പിടിച്ച് കൊതവറ സർവീസ് സഹകരണ ബാങ്ക്. 75 വയസ് പിന്നിടുന്ന അംഗങ്ങൾക്ക് പെൻഷൻ നൽകാനൊരുങ്ങുകയാണ് ബാങ്ക്. അംഗത്വമെടുത്ത് ഇരുപത് വർഷം പൂർത്തിയായവരെയാണ് പെൻഷന് വേണ്ടി പരിഗണിക്കുക. മാസം 200 രൂപ വീതമാണ് തുടക്കത്തിൽ നൽകുക. അപേക്ഷ നൽകിയ 138 പേർക്കും പെൻഷൻ അനുവദിച്ചിട്ടുണ്ട്. 2018 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ വിതരണം ചെയ്യുക. അതുകൊണ്ട് ആദ്യത്തെ പെൻഷൻ 21 മാസത്തെ 4200 രൂപവീതം ഓരോരുത്തർക്കും ലഭിക്കും. സായന്തനം സഹകരണം പെൻഷൻ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ 11ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജെൽജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. പെൻഷൻ വിതരണം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ.രഞ്ജിത്ത് 'മികവ് 2019" സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി, വൈക്കം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. പ്രകാശൻ, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ സി.വി. സാബു, ടി.സി. പുഷ്പരാജൻ, സന്ധ്യ അനീഷ്, ജി. രാജീവ്, അഡ്വ. ജോസഫ് ചാണ്ടി, ടി.ജെ. ഐസക്ക്, ബിജു പറപ്പള്ളിൽ, എം.ജി. ജയൻ, പി.എം. സേവ്യർ, എ.ആർ. സലിംകുമാർ, ജോഷി ജോസഫ്, കെ.ജി. ഷാൻകുമാർ, കുര്യാക്കോസ് ദാസ്, ശ്രീദേവി സന്തോഷ്, ഷീജാമോൾ.പി.ജി, സിന്ധു ജയദേവൻ തുടങ്ങിയവർ പ്രസംഗിക്കും. ബാങ്ക് ഭരണസമിതിയംഗം സി.ടി. ഗംഗാധരൻ നായർ സ്വാഗതവും സെക്രട്ടറി വി.എസ്. അനിൽകുമാർ നന്ദിയും പറയും.