alcohol

കോട്ടയം: രണ്ടെണ്ണം വീശി വണ്ടിയുമെടുത്ത് റോഡിലിറങ്ങി ക്രിസ്മസ് ആഘോഷിക്കാൻ ആരെങ്കിലും മനസിൽ കരുതുന്നുണ്ടെങ്കിൽ ആ പൂതിയങ്ങ് മനസിൽ വച്ചേക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ് ! ക്രിസ്മസ് അപകടരഹിതമാക്കാൻ ജില്ലയിലെ അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ തയ്യാറാക്കി. സ്റ്റേഷനുകളിൽ അത്യാവശ്യം വേണ്ട പൊലീസുകാർ ഒഴികെയുള്ളവർ റോഡിലുണ്ടാവും. ക്രിസ്മസിനോട് അനുബന്ധിച്ച് വാഹനാപകടങ്ങൾ കൂടുന്നതിന്റെ ഭാഗമായാണ് വനിതാപൊലീസ്, ഷാഡോ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവരെ ഏകോപിപ്പിച്ചുള്ള കർശന പരിശോധന. ആഘോഷത്തിനിടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും മറ്റും പ്രശ്‌നക്കാരുടെ ലിസ്റ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നഗരത്തിൽ മാത്രം 10 ടീമിനെ വിന്യസിക്കും. കൂടാതെ 8 ബൈക്ക് ടീമും ടൗണിൽ ചുറ്റിക്കറങ്ങും. എസ്.ഐയുടെ നേതൃത്വത്തിൽ 8 ടീം ജീപ്പിലും റോന്തു ചുറ്റും. നഗരങ്ങളിലെ ഇടറോഡുകളിലും പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവും.


 ഹൗസ് ബോട്ടിലും നിയന്ത്രണം
ഹൗസ് ബോട്ടുകളിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കർശനമായി നൽകണമെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. ബോട്ടുകളിലെ മദ്യപാനം ഒഴിവാക്കണമെന്നും മദ്യശാലകൾ കൃത്യ സമയത്ത് അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. കുമരകം, ഈരാറ്റുപേട്ട, വാഗമൺ, ഇല്ലിക്കൽക്കല്ല് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസ് അണിനിരക്കും.

റോഡിൽ പൊലീസിന്റെ ചാകര
ബ്രത്ത് അനലൈസറുമായി റോഡിൽ നിറയെ പൊലീസ് ഇന്നലെ രാത്രി മുതൽ നിരന്നിട്ടുണ്ട്. മദ്യപിച്ചെന്ന് തെളിഞ്ഞാൽ ഉടലോടെ വാഹനം സ്റ്റേഷനിലേയ്ക്ക് മാറ്റും. ശുപാർശക്കാരെ ഏഴയലത്ത് അടുപ്പിക്കില്ല.

വഴിവിട്ട മദ്യവില്പനയ്ക്കും പിടിവീഴും
ബിവറേജസ് കോർപറേഷനിൽ നിന്നു കെയ്‌സ് കണക്കിന് മദ്യം വാങ്ങി ഊറ്റിവിറ്റാലും പിടിയിലാകും. ഇങ്ങനെ കച്ചവടം നടത്തിയതിന് അകത്തായവരുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ട്.

ലക്ഷ്യം സമാധാനമായ ക്രിസ്മസ്
'' സമാധാനമായ ക്രിസ്മസ് ആഘോഷമാണ് ലക്ഷ്യം. മദ്യപിച്ച് വാഹനമോടിക്കുന്നത് മാത്രമല്ല അമിതവേഗക്കാരെയും പിടികൂടും. നിയമം കർശനമായി നടപ്പാക്കും''

പി.എസ്. സാബു, ജില്ലാ പൊലീസ് മേധാവി