ചങ്ങനാശേരി: രാജഭരണത്തിന്റെ ചരിത്രശേഷിപ്പായ ചിത്രക്കുളം നഗരസഭാ അധികൃതരുടെ അനാസ്ഥയിൽ കാടു മൂടിയും മാലിന്യം കുന്നുകൂടിയും നശിക്കുന്നു. രാജഭരണ കാലംമുതൽ നഗരവാസികൾ ഉപയോഗിക്കുന്ന കുളം വർഷങ്ങളോളം കാടും പടലും കയറി ഉപയോഗശൂന്യമായി. നേരത്തെ കുളത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിൽ കെട്ടി ഉയർത്തി കുളം സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ശുചീകരണപ്രവർത്തനങ്ങളൊന്നും നടക്കാതിരുന്നതിനാൽ കാടു കയറിയും മാലിന്യം നിറഞ്ഞു കുളം നശിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളത്തിനാകെ കറുപ്പുനിറമായി. അറവുമാലിന്യങ്ങൾ ഉൾപ്പെടെ കുളത്തിനു ചുറ്റും നിക്ഷേപിക്കപ്പെട്ട നിലയിലാണ്. മാലിന്യനിക്ഷേപം രൂക്ഷമായതിനാൽ തെരുവുനായശല്യവും പ്രദേശത്ത് രൂക്ഷമാണ്. സന്ധ്യമയങ്ങിയാൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായും പരാതിയുണ്ട്.