ചങ്ങനാശേരി: മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുടം ദേശീയാഘോഷം ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് നാലിന് പുതൂർപളളി അങ്കണത്തിൽ ചന്ദനക്കുട ദേശീയാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. പുതൂർ പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് പി.എസ്. പി.റഹീം അദ്ധ്യക്ഷത വഹിക്കും. മാനവമൈത്രിസംഗമം സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ മാനവമൈത്രി സന്ദേശം നൽകും. ചന്ദനക്കുടഘോഷയാത്ര എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഴയപള്ളി മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ് നജീബ് പത്താൻ, നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, കാവിൽ ഭഗവതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രസാദ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ തുടങ്ങിയവർ സംസാരിക്കും. ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ നന്ദി പറയും. വൈകിട്ട് 5.15ന് ചന്ദനക്കുടം ഘോഷയാത്ര പുതൂർപ്പള്ളി അങ്കണത്തിൽ നിന്നും പുറപ്പെടും. വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 10.30ഓടെ പുതൂർപ്പള്ളി അങ്കണത്തിൽ സമാപിക്കും. രാത്രി ഒൻപതിന് ഗാനമേള, രാത്രി 12 മുതൽ മാപ്പിള ഗാനമേള ഇശൽപൂരം എന്നിവ നടക്കും. നാളെ രാവിലെ എട്ടിന് ഇരൂപ്പാ ജംഗ്ഷനിൽ ശിങ്കാരിമേളം. ഇരൂപ്പാ തൈക്കാവിൽ നിന്ന് ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര പകൽ 11.05ന് പള്ളി അങ്കണത്തിൽ എത്തിച്ചേരും. മൂന്നുമണിക്ക് ചന്തയിൽ നിന്നും പുറപ്പെടുന്ന ചന്ദനക്കുടഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 10.30ന് പള്ളിയിൽ തിരിച്ചെത്തും. പുലർച്ചെ 12 മണിക്ക് നേർച്ചപ്പാറയിലേക്ക് ചന്ദനക്കുടഘോഷയാത്ര ആരംഭിക്കും. 1.30ന് നേർച്ചപ്പാറയിൽ നിന്നും തിരിയ്ക്കുന്ന ചന്ദനക്കുടം ഘോഷയാത്ര പുലർച്ചെ 3.30ന് തിരികെ പുതൂർപളളി അങ്കണത്തിലെത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. നാളെ രാത്രി 9.30ന് ഗാനമേള, രാത്രി 12.30ന് മാപ്പിള ഗാനമേളയും എന്നിവയും ഉണ്ടായിരിക്കും.