കോട്ടയം: കുമരകം ടൂറിസത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ള വികസനത്തിന് എല്ലാ അധികാരങ്ങളോടും കൂടിയ കുമരകം ടൂറിസം അതോറിറ്റി രൂപീകരിക്കണമെന്ന് അഭിപ്രായമുയരുന്നു.

കുമരകത്തിന് പുറമേ അയ്മനം ,തിരുവാർപ്പ് ,അതിരമ്പുഴ, ആർപ്പുക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാകണം കുമരകം ഡെസ്റ്റിനേഷൻ . ഇങ്ങനെയൊന്നുണ്ടാകുന്നില്ലെങ്കിൽ കായൽ ടൂറിസം മടുക്കും. ടൂറിസ്റ്റ് ഭൂപടത്തിൽ നിന്ന് കുമരകം പുറത്താകും. ഇത്തരമൊരു അതോറിറ്റിയെക്കുറിച്ച് സർക്കാർ തലത്തിൽ നടത്തിയ പല സെമിനാറുകളിൽ അഭിപ്രായം ഉയർന്നിരുന്നു. അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം സഹ മന്ത്രിയായിരുന്നപ്പോൾ 100 കോടി രൂപ കുമരകം മാസ്റ്റർ പ്ലാനിന് അനുവദിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് കേട്ടു കേൾവി പോലുമില്ലാതായി.

പഴുക്കാനിലം മുതൽ കൈപ്പുഴ മുട്ട് വരെയെങ്കിലും ആദ്യ ഘട്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കി വേണം പ്രവർത്തനം തുടങ്ങാൻ. മീനച്ചിലാർ കായലിൽ ചേരുന്ന പ്രദേശങ്ങൾ മുഴുവനും ഇതിന്റെ പരിധിയിൽ വരണം. പാരമ്പര്യകലകൾ, ആരാധനാലയങ്ങൾ, കായൽ, പുഴ,നദികൾ, എല്ലാം കോർത്തിണക്കുന്നതാകണംപ ദ്ധതി. ഇവിടത്തെ കായലും കണ്ടലും പക്ഷികളും പച്ചപ്പുമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. സ്വാർത്ഥത മറന്ന് എല്ലാവരും ഒന്നിച്ചു നിന്നാൽ അതിന്റെ പ്രയോജനം കുമരകത്തിനുണ്ടാകും .

ഡോ.ശ്രീകുമാർ, കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ്